ചെന്നൈ: പരസ്യത്തിൽ ഇന്ത്യൻ റോക്കറ്റിൽ ചൈനീസ് പതാക പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വീണ്ടും തമിഴ്‌നാട്ടിൽ ബാനർ വിവാദം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫോട്ടോയിൽ അദ്ദേഹത്തെ ‘ബ്രൈഡ് ഓഫ് തമിഴ്നാട്’ (തമിഴ്നാടിന്റെ മണവാട്ടി) എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബാനർ ഉൾപ്പെടെയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
‘പ്രൈഡ് ഓഫ് തമിഴ്നാട്’ (തമിഴ്നാടിന്റെ അഭിമാനം) എന്നതിന് പകരം അബദ്ധത്തിൽ പ്രിന്റ് ചെയ്തുപോയതാണെന്നാണ് വിവരം.
എവിടെയാണ് ബാനർ പ്രദർശിപ്പിച്ചതെന്നോ ആരാണ് പ്രദർശിപ്പിച്ചതെന്നോ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നുമില്ല. അതേസമയം ഇന്റർനെറ്റിൽ വീഡിയോ വൈറലായിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ ഇംഗ്ലീഷിനെ വിമർശിച്ചും ആരാണ് മണവാളൻ എന്ന് ചോദിച്ചും പരിഹാസവുമായി നിരവധി പേർ രംഗത്ത് വന്നു.
ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐ.എസ്.ആർ.ഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതുമായ ബന്ധപ്പെട്ട് നൽകിയ പത്ര പരസ്യം നേരത്തെ വിവാദമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങിയ പരസ്യത്തിലെ റോക്കറ്റിൽ ചൈനയുടെ പതാക ഇടം പിടിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നു.
തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ പാഡിന്റെ അവകാശവാദം ഉന്നയിക്കുന്നതിന് ചൈനയുടെ സ്റ്റിക്കർ ഉപയോഗിക്കാൻ പോലും ഡി.എം.കെ മടിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി.
സ്ഥലം എം.എൽ.എയും തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനാണ് പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്.
അതേസമയം ചൈനയുടെ പതാക മാത്രമല്ല, ചൈനീസ് ഭാഷയിൽ എഴുത്തുകളുള്ള റോക്കറ്റിന്റെ ചിത്രമാണ് ഉപയോഗിച്ചതെന്നും വിമർശനമുയർന്നിരുന്നു.
Content Highlight: ‘Bride Of Tamil Nadu’: TN Govt’s Latest BLUNDER With CM Stalin’s Banner Days After China Flag On ISRO Ad