ടെഹ്റാന്‍: വ്യാപാര സാമ്പത്തിക ഇടപാടുകളില്‍ യു.എസ് ഡോളര്‍ ഉപയോഗിക്കുന്നത് കുറക്കാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ച് ഇറാന്‍. റഷ്യയിലെ കസാനില്‍ പതിനഞ്ചാമത് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന റഷ്യ-ഇസ്ലാമിക് വേള്‍ഡ് കസാന്‍ ഫോറം 2024ലാണ് ഇറാന്‍ വിദേശകാര്യ സഹമന്ത്രി അലി ബഗേരി കാനി പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്.
യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ബ്രിക്സ് അംഗങ്ങള്‍ ഗൗരവമായി തീരുമാനിച്ചിട്ടുണ്ടെന്ന് അലി ബഗേരി കാനി പറഞ്ഞു. അതിനുവേണ്ടി വിവിധ മേഖലകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം കൈവരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് ബ്രിക്സ് രാജ്യങ്ങളിലെ വിദഗ്ധര്‍ നിരന്തരമായ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും റഷ്യയും തമ്മിലുള്ള സഹകരണത്തെ കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രാജ്യങ്ങള്‍ക്കിടയില്‍ പ്രാദേശിക സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ടെഹ്റാനിന്റെയും മോസ്‌കോയുടെയും മഹത്തായ കഴിവുകള്‍ ചൂണ്ടിക്കാണിച്ച ബാഗേരി കാനി ആഗോള സമ്പദ്വ്യവസ്ഥയിലെ പാശ്ചാത്യരുടെ കുത്തക തകര്‍ക്കാനും സ്വതന്ത്ര രാജ്യങ്ങള്‍ക്കിടയില്‍ ആശയവിനിമയം വര്‍ധിപ്പിക്കാനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.