| Wednesday, 22nd September 2021, 10:03 am

'കൂലിപ്പണിക്കാരനായിരിക്കും, പക്ഷേ എന്റെ കാലില്‍ തൊടാനുള്ള യോഗ്യത ഇപ്പോള്‍ നിങ്ങള്‍ക്കില്ല'; കൈക്കൂലി കേസില്‍ കോഴിക്കോട് മെഡി.കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് സസ്‌പെന്‍ഷന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ കൂലിപ്പണിക്കാരനായ യുവാവിനോടായിരുന്നു ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

2000 രൂപയാണ് കൈക്കൂലി ചോദിച്ചുവാങ്ങിയത്. തുടര്‍ന്ന് ഐ.എം.സി.എച്ച് സൂപ്രണ്ടിന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ യുവാവിനെ ഫോണില്‍ വിളിച്ചു. ഈ സംഭാഷണം യുവാവ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

പരാതി പിന്‍വലിക്കണമെന്നും കാല്‍ തൊട്ട് മാപ്പു പറയാമെന്നുമായിരുന്നു ഡോക്ടര്‍ യുവാവിനോട് പറഞ്ഞത്. ‘ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോള്‍ നിങ്ങള്‍ക്കില്ലെന്നായിരുന്നു’ ഇതിന് യുവാവ് നല്‍കിയ മറുപടി.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ നേരമാണ് ഡോക്ടര്‍ യുവാവിനോട് സംസാരിച്ചത്. എന്നാല്‍ പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡിക്കല്‍ കോളജില്‍ ചെരിപ്പുമാലയണിയിച്ച സംഭവം ഉണ്ടായിരുന്നെന്നും ഇന്നങ്ങനെ ചെയ്താല്‍ ഞങ്ങളെ ക്രിമിനല്‍ കേസില്‍പെടുത്തുമെന്ന് യുവാവ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ഇരുവരും തമ്മിലുള്ള ഈ സംഭാഷണമാണ് കേസിന് കൂടുതല്‍ ബലം നല്‍കിയത്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു.

ഡോക്ടര്‍ യുവാവിനെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ആരോഗ്യവകുപ്പിന് അയച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bribe Kozhikkode Medical College Doctor Suspended

We use cookies to give you the best possible experience. Learn more