കോഴിക്കോട്: പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപടി. പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി രാഘവന്‍, വൈസ് പ്രസിഡന്റ് ശ്രീജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
പേരാമ്പ്രയിലെ പെട്രോള്‍ പമ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ജില്ലാ കോര്‍ കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്.
പണപ്പിരിവിനെച്ചൊല്ലി ജനുവരി 10ന് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബി.ജെ.പി യോഗത്തിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ടും അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
എന്നാല്‍ സംഭവത്തില്‍ ആരോപണ വിധേയനായ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് രജീഷിനെതിരെ ബി.ജെ.പി നേതൃത്വം നടപടി എടുത്തില്ല. മണ്ഡലം പ്രസിഡന്റിനെ നേതൃത്വം സംരക്ഷിക്കുന്നതില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്.
പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ പണം വാങ്ങിയെന്ന പാര്‍ട്ടി പ്രവര്‍ത്തകനും പെട്രോള്‍ പമ്പ് ഉടമയുമായ പ്രജീഷിന്റെ പരാതിയെച്ചൊല്ലിയായിരുന്നു യോഗത്തില്‍ കയ്യാങ്കളിയുണ്ടായത്.
രജീഷ്, രാഘവന്‍, ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ പെട്രോള്‍ പമ്പുടമ പ്രജീഷ് ആരോപണം ഉന്നയിച്ചത്. ഇവര്‍ ആവശ്യപ്പെട്ടത് പ്രകാരം നാല് തവണയായി 1,30,000 രൂപ കൈകമാറിയതായി പ്രജീഷ് പറഞ്ഞിരുന്നു.
പണം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പ്രജീഷ് പുറത്ത് വിട്ടിരുന്നു. പമ്പ് നിര്‍മാണ സ്ഥലത്തിനെതിരെ നടക്കുന്ന സമരം ഒത്തുതീര്‍ക്കാന്‍ ഒന്നര ലക്ഷം രൂപ കൂടി ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടതോടെയാണ് കൈക്കൂലി നല്‍കിയ വിവരം പുറത്തായത്.
പണം നല്‍കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ ബി.ജെ.പി മണ്ഡലം കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി നടന്നു. പ്രജീഷില്‍ നിന്ന് 25,000 രൂപ വാങ്ങിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് പറയേണ്ടി വന്നു. ഇതിന് രസീത് ഉണ്ടെന്നായിരുന്നു വി.കെ. സജീവന്റെ വാദം.