| Friday, 21st July 2017, 1:37 pm

ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം: അന്വേഷണ സംഘാംഗമായ നസീറിനെതിരെ ബി.ജെ.പി നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ കമ്മീഷന്‍ അംഗമായ എ.കെ നസീറിനെതിരെ ബി.ജെ.പിയുടെ നടപടി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ബി.ജെ.പി നേതാവ് കെ.പി ശ്രീശനും എ.കെ നസീറുമുള്‍പ്പെട്ട രണ്ടംഗ സമിതിയാണ് മെഡിക്കല്‍ കോളജ് കോഴ സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നത്. ഇതിനു പിന്നില്‍ നസീറിന്റെ ഇടപെടലാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് തന്റെ പക്കലില്‍ നിന്നല്ലെന്ന നിലപാടിലാണ് എ.കെ നസീര്‍. കുമ്മനത്തിന് അയച്ച പകര്‍പ്പില്‍ നിന്നാണ് റിപ്പോര്‍ട്ടു ചോര്‍ന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.


Must Read: രക്തം ചിന്തിയിട്ടും വിടാതെ സൗദി രാജകുമാരന്‍; സൗദി രാജകുമാരന്റെ അറസ്റ്റിലേക്ക് നയിച്ച വീഡിയോ കാണാം


ആര്‍. ഷാജി ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ദല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു
അന്വേഷണത്തിനിടെ എം.ടി രമേശിനെതിരെയും മൊഴി ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more