തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി ഷിബു ബേബി ജോണ്‍. കോടിയേരിക്കെതിരെ മാണി സി കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്.
കോടിയേരിക്കെതിരെ ഗുരുതര ആരോപണമാണ് ഷിബു ബേബി ജോണ്‍ ഉന്നയിക്കുന്നത്. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ കോടിയേരിക്കെതെ മാണി സി കാപ്പന്‍ മൊഴി നല്‍കിയെന്നാണ് ഷിബു ബേബി ജോണിന്റെ ആരോപണം. മൊഴിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പുറത്തുവിട്ടാണ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്.
2013 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ദിനേഷ് മേനോന്‍ എന്ന മുംബൈയിലെ മലയാളി വ്യവസായി മാണി സി കാപ്പനുമായി ബന്ധപ്പെടുന്നത്.
അന്ന് മാണി സി കാപ്പന്‍, ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയേയും മകനേയും സമീപിക്കാനായി ദിനേഷ് മേനോനോട് പറയുന്നു. ഇതിന് ശേഷം ഇത്തരത്തില്‍ പണം കൈമാറുന്ന നടപടി ഉണ്ടായെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ ആര്‍ക്ക് പണം കൈമാറിയെന്ന കാര്യം വ്യക്തമായി മൊഴിയില്‍ പറയുന്നില്ല.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള മൊഴിയില്‍ മാണി സി കാപ്പന്റെ പ്രതികരണം എന്താണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഷിബു ബേബി ജോണ്‍ ചോദിക്കുന്നത്. വിഷയത്തില്‍ കോടിയേരിയും പിണറായിയും നിലപാട് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
‘മാധ്യമങ്ങള്‍ക്ക് രണ്ടാഴ്ച മുന്‍പ് ലഭിച്ച കോപ്പിയാണ് ഞാന്‍ പുറത്തുവിട്ടത്. ഇങ്ങനെയൊരു മൊഴി കൊടുത്തിട്ടുണ്ടോയെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കണം. അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് അറിയണം. ആധികാരിമായി പുറത്തുവിട്ട രേഖ ഞാന്‍ പങ്കുവെച്ചു എന്നത് മാത്രമാണ്. ഇതില്‍ പിണറായിയും കോടിയേരിയും മറുപടി പറയണം.
രണ്ടാഴ്ച മുന്‍പ് മാധ്യമങ്ങള്‍ക്ക് ലഭിച്ച മൊഴി പകര്‍പ്പ് എന്റെ കൈയില്‍ യാദൃശ്ചികമായി ലഭിച്ചതാണ്. അത് ഞാന്‍ പുറത്തുവിട്ടതാണ്. മൊഴി പകര്‍പ്പ് കണ്ടാല്‍ ആധികാരികമാണെന്ന് തോന്നും. അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് അദ്ദേഹം പറയട്ടെ. -ഷിബു ബേബി ജോണ്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി.ബി.ഐക്ക് പരാതി നല്‍കിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത് –
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’
– ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍.ഡി.എഫ് എം.എല്‍.എയായ മാണി സി കാപ്പന്‍, നിലവിലെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സി.ബി.ഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.!