അവനെപോലെയാവാൻ ശ്രമിച്ചാൽ മായങ്കിന് ഒരിക്കലും മികച്ച താരമാവാൻ സാധിക്കില്ല: മുന്നറിയിപ്പുമായി ലാറ
Cricket
അവനെപോലെയാവാൻ ശ്രമിച്ചാൽ മായങ്കിന് ഒരിക്കലും മികച്ച താരമാവാൻ സാധിക്കില്ല: മുന്നറിയിപ്പുമായി ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th April 2024, 3:42 pm

ലഖ്നൗ പേസര്‍ മായങ്ക് യാദവിനെക്കുറിച്ചും ഹൈദരാബാദ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഉമ്രാന്‍ മാലിക് മികച്ച താരമാണെന്നും എന്നാല്‍ മായങ്ക് ഒരിക്കലും ഉമ്രാന്‍ മാലിക്കിനെ പിന്തുടരുതെന്നുമാണ് ലാറ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് റൂമില്‍ നടന്ന ഷോയില്‍ പ്രതികരിക്കുകയായിരുന്നു വിന്‍ഡീസ് ഇതിഹാസം.

ഉമ്രാൻ മാലിക്കിന് മുന്നിൽ ഇപ്പോഴും ഒരു മികച്ച കരിയർ ഉണ്ട്. എന്നാൽ ഉമ്രാൻ മാലിക്കിന് തിരിച്ചടിയായത് അവന്റെ സ്ഥിരത കുറവാണ്. എന്നാൽ ബൗളർ എന്ന നിലയിൽ മായങ്കിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വളരെ വേഗതയിൽ പന്തെറിയുന്നതിൽ അവൻ വളരെയധികം മികച്ചു നിൽക്കുന്നു. ഇത് ബാറ്റർമാരെ മത്സരങ്ങളിൽ വളരെയധികം ബുദ്ധിമുട്ടിക്കും. മായങ്ക് അവന്റെ കഴിവ് എപ്പോഴും മെച്ചപ്പെടുത്തി കൊണ്ടിരിക്കണം. എതിരാളികൾ അവന്റെ നീക്കങ്ങൾ അവനെ എങ്ങനെ നേരിടണമെന്ന് മനസ്സിലാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത് കൃത്യമായി മനസ്സിലാക്കാൻ മായങ്കിന് സാധിക്കണം,’ ലാറ പറഞ്ഞു.

ജസ്പ്രീത് ബുംറയും പോലുള്ള പരിചയസമ്പന്നരായ താരങ്ങളില്‍ നിന്നും പല കാര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും ഇതിഹാസം മായങ്കിനെ ഉപദേശിക്കുകയും ചെയ്തു.

‘എന്നെ സംബന്ധിച്ചിടത്തോളം ജസ്പ്രീത് ബുംറയെ പോലുള്ള മികച്ച ബൗളര്‍മാരുടെ ഉപദേശം മായാ വളരെയധികം ഉപയോഗപ്രദമാകും. ഐ.പി.എല്ലില്‍ കളിക്കുന്ന ലോകോത്തര ബൗളര്‍മാരുമായി ഇടപെഴകുന്നതിലൂടെ കളിക്കളത്തിലെ തന്റെ മികച്ച പ്രകടനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ മായങ്കിന് വളരെയധികം സഹായകമാവും. ഭാവിയില്‍ ഒരു ലോകോത്തര ബൗളര്‍ ആയി മാറാന്‍ അവന് സാധിക്കും,’ ലാറ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ മാര്‍ച്ച് 30ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലാണ് മായങ്ക് ലഖ്നൗവിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ 155.8 കിലോമീറ്റര്‍ വേഗതയില്‍ പന്തറിഞ്ഞു കൊണ്ടാണ് ഈ 21 കാരന്‍ ക്രിക്കറ്റ് ലോകത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

പഞ്ചാബിനെതിരെ നാല് ഓവറില്‍ 27 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് മായങ്ക് നേടിയത്. 6.08 എക്കോണമിയില്‍ പന്തെറിഞ്ഞത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ആ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും മായങ്ക് സ്വന്തമാക്കിയിരുന്നു.

ബെംഗളൂരുവിനെതിരെയും മികച്ച പ്രകടനമാണ് മായങ്ക് നടത്തിയത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. 3.5 എക്കോണമിയിലാണ് യാദവ് പന്തെറിഞ്ഞത്. ഈ മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാന്‍ ഈ 21കാരന് സാധിച്ചു.

ഇതിനു പിന്നാലെ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനും മായങ്കിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ അരങ്ങേറ്റം കുറിച്ച ഒരു താരം ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്നത് ഇതാദ്യമായാണ്. ഇതിനോടകം തന്നെ ക്രിക്കറ്റിലെ പല ഇതിഹാസതാരങ്ങളും മായങ്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം രണ്ട് മുമ്പ് സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്കും 155 കിലോമീറ്റര്‍ വേഗതയില്‍ പന്തറിഞ്ഞുകൊണ്ട് തലക്കെട്ടുകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പിന്നീട് ഈ സ്ഥിരത നിലനിര്‍ത്താന്‍ ഹൈദരാബാദ് താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. നിലവില്‍ ഈ സീസണില്‍ ഹൈദരാബാദ് പ്ലെയിന്‍ ഇലവനില്‍ അവസരം ലഭിക്കാതെ ബെഞ്ചില്‍ ആണ് താരം.

Content Highlight: Brian Lara talks about Mayank Yadav performance