വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ എക്കാലത്തേയും മികച്ച ബാറ്ററായിരുന്നു ലാറ. ഗില്‍ പുതിയ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നാണ് ലാറ അഭിപ്രായപ്പെട്ടത്.
2004ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ 400* റണ്‍സിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോര്‍ ലാറ സ്വന്തമാക്കിയിരുന്നു. അതിനോടൊപ്പം ലാറയുടെ 400 റണ്‍സിന്റെ റെക്കോഡ് മറികടക്കാന്‍ ഗില്ലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘എന്റെ രണ്ട് റെക്കോഡുകളും മറികടിക്കാന്‍ ശുഭ്മന്‍ ഗില്ലിന് കഴിവുണ്ട്. പുതിയതലമുറയിലെ ഏറ്റവും മികച്ച ബാറ്ററാണ് ഗില്‍. വരും കാലങ്ങളിലെ ക്രിക്കറ്റില്‍ ഗില്‍ ആധിപത്യം സ്ഥാപിക്കും. മാത്രമല്ല അവന്‍ കരിയറില്‍ സുപ്രധാന റെക്കോഡുകള്‍ തകര്‍ക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്,’ ലാറ പറഞ്ഞു.
1994ല്‍ ഒരു കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഡര്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ വാര്‍വിക്‌ഷെയറിനായി ലാറ 501 റണ്‍സിന്റെ റെക്കോഡും സ്വന്തമാക്കിയിരുന്നു. അതേസമയം ഇന്ത്യന്‍ യങ് സ്റ്റാര്‍ ബാറ്റര്‍ ഗില്‍ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. കൂടാതെ ന്യൂസീലാന്‍ഡിനെതിരെ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കറഞ്ഞ താരവും ഗില്‍ തന്നെ.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ 149 പന്തില്‍ നിന്ന് 208 റണ്‍സാണ് ഗില്‍ നേടിത്. 2024 ഐ.പി.എല്‍ സീസണില്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിട്ടാണ് കളത്തിലിറങ്ങുന്നത്. 2022 സീസണില്‍ ടീം നിലവില്‍ വന്ന വര്‍ഷം തന്നെ കപ്പ് ഉയര്‍ത്തുകയും 2023ല്‍ ഫൈനലില്‍ എത്തുകയുംചെയ്തിരുന്നു. ഗില്‍ മികച്ച പ്രകടനമായിരുന്നു സീസണുകളില്‍ കാഴ്ചവെച്ചത്.
2023 ഐ.സി.സി ലോകകപ്പിലും ഗില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴചവെച്ചത്. 354 റണ്‍സാണ് താരം ലോകകപ്പില്‍ നേടിയത്. എന്നാല്‍ ലോകകപ്പില്‍ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ചിട്ടും ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങുകയായിരുന്നു.
Content Highlight: Brian Lara says Shubman Gill will break His record