മാനസികമായി തയ്യാറെടുത്താല്‍ അവന്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തും; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ബ്രയാന്‍ ലാറ
Sports News
മാനസികമായി തയ്യാറെടുത്താല്‍ അവന്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തും; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ബ്രയാന്‍ ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th October 2024, 8:11 am

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്.  അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പേ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ ഇന്ത്യന്‍ യുവ താരം യശസ്വി ജെയ്‌സ്വാളിനെക്കുറിച്ച് സംസാരിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണന്നും എന്നിരുന്നാലും മാനസികമായി തയ്യാറെടുത്താല്‍ യുവതാരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നുമാണ് ലാറ പറഞ്ഞത്. ഒക്ടോബര്‍ എട്ടിന് മുംബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗിന്റെ ഉദ്ഘാടന വേളയിലാണ് ലാറ സംസാരിച്ചത്.

ജെയ്‌സ്വാളിനെക്കുറിച്ച് ലാറ പറഞ്ഞത്

‘ഓസ്ട്രേലിയയിലെ പിച്ചുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ നിങ്ങള്‍ മാനസികമായി ശക്തരാണെങ്കില്‍ നിങ്ങള്‍ക്ക് ഏത് സാഹചര്യത്തിലും പ്രകടനം നടത്താന്‍ കഴിയും. ഓസീസിനെതിരെ ജെയ്‌സ്വാള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന ഏത് സാഹചര്യത്തിലും നിങ്ങളുടെ കഴിവിനെ ക്രമീകരിച്ച് കളിക്കുക. ഇന്ത്യയിലെ സാഹചര്യങ്ങള്‍ മാറിയതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്,’ ലാറ പറഞ്ഞു.

ജെയ്‌സ്വാളിന്റെ ഇതുവരെയുള്ള ടെസ്റ്റ് പ്രകടനം

ഈ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ജെയ്‌സ്വാള്‍ തന്റെ കരുത്ത് കാട്ടിയത്. ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 89 ശരാശരിയില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ അടക്കം 712 റണ്‍സാണ് താരം അടിച്ചെടുത്തത്.

മാത്രമല്ല ബംഗ്ലാദേശിനെതിരെ അടുത്തിടെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും ജെയ്സ്വാള്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് സിക്സറും 26 ഫോറും ഉള്‍പ്പെടെ 189 റണ്‍സാണ് താരം പരമ്പരയില്‍ അടിച്ചെടുത്തത്.

നിലവില്‍ ടെസ്റ്റ് മത്സരത്തിലെ 11 മത്സരങ്ങളിലെ 20 ഇന്നിങ്‌സില്‍ നിന്ന് 1217 റണ്‍സാണ് താരം നേടിയത്. അതില്‍ 214 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കം രണ്ട് ഇരട്ട സെഞ്ച്വറിയും യശസ്വി നേടിയിട്ടുണ്ട്.

 

Content Highlight: Brian Lara predicts Yashasvi Jaiswal’s success in Australia