| Monday, 29th April 2024, 8:00 pm

റിങ്കു സിങ് പുറത്ത്, സഞ്ജുവും സര്‍പ്രൈസായി രാജസ്ഥാന്റെ വജ്രായുധവും ടീമില്‍; ലോകകപ്പുയര്‍ത്താനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം ഇതിനോടകം തന്നെ കത്തിക്കയറുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐ.പി.എല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഏക പോംവഴി. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐ.പി.എല്‍ തന്നെയായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.

മെയ് ഒന്നിനാണ് ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. തിങ്കളാഴ്ച ന്യൂസിലാന്‍ഡ് തങ്ങളുടെ ടീം പ്രഖ്യാപിച്ചിരുന്നു. ഉടന്‍ തന്നെ ഇന്ത്യയും തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഇപ്പോള്‍ ലോകകപ്പിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ബ്രയാന്‍ ലാറ.

മധ്യനിരയിലെ വെടിക്കെട്ട് വീരനായ റിങ്കു സിങ്ങിനെ പുറത്തിരുത്തിയാണ് ലാറ ടീം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇതിന് പുറമെ ശുഭ്മന്‍ ഗില്ലിനും ലാറയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.

രോഹിത് ശര്‍മ തന്നെയാണ് ലാറയുടെ അഭിപ്രായത്തിലും ക്യാപ്റ്റന്റെ റോളിലെത്തേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെയാണ് രണ്ടാം ഓപ്പണറുടെ റോളിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.

വിരാട് കോഹ്‌ലിയെയും സൂര്യകുമാര്‍ യാദവിനെയും സ്‌ക്വാഡിന്റെ ഭാഗമാക്കിയ ലാറ മധ്യനിരയില്‍ കരുത്താകാന്‍ ശിവം ദുബെയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും റിഷബ് പന്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയ വിന്‍ഡീസ് ഇതിഹാസം സര്‍പ്രൈസായി രാജസ്ഥാന്‍ സ്റ്റാര്‍ പേസര്‍ സന്ദീപ് ശര്‍മയെയും ലഖ്‌നൗ സൂപ്പര്‍ താരം മായങ്ക് യാദവിനെയും സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ എതിരാളികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചാണ് മായങ്ക് യാദവ് വരവറിയിച്ചത്. സ്ഥിരതയോടെ 150+ കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്നു എന്നതാണ് യാദവിനെ അപകടകാരിയാക്കുന്നത്.

എന്നാല്‍ തുടര്‍ന്നുവന്ന മത്സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. താരം ഉടന്‍ തന്നെ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമാകുമെന്നാണ് വിശ്വസിക്കുന്നത്.

ബ്രയാന്‍ ലാറയുടെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

യശസ്വി ജെയ്‌സ്വാള്‍

വിരാട് കോഹ്‌ലി

സൂര്യകുമാര്‍ യാദവ്

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

ശിവം ദുബെ

ഹര്‍ദിക് പാണ്ഡ്യ

രവീന്ദ്ര ജഡേജ

കുല്‍ദീപ് യാദവ്

യൂസ്വേന്ദ്ര ചഹല്‍

ജസ്പ്രീത് ബുംറ

അര്‍ഷ്ദീപ് സിങ്

സന്ദീപ് ശര്‍മ

മായങ്ക് യാദവ്

Content highlight: Brian Lara picks India’s squad for T20 World Cup

We use cookies to give you the best possible experience. Learn more