ഐ.പി.എല്ലിന് ശേഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം ഇതിനോടകം തന്നെ കത്തിക്കയറുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐ.പി.എല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുകയാണ് ഏക പോംവഴി. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐ.പി.എല്‍ തന്നെയായിരിക്കും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡം.
മെയ് ഒന്നിനാണ് ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. തിങ്കളാഴ്ച ന്യൂസിലാന്‍ഡ് തങ്ങളുടെ ടീം പ്രഖ്യാപിച്ചിരുന്നു. ഉടന്‍ തന്നെ ഇന്ത്യയും തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Our squad for the @t20worldcup in the West Indies and USA in June 🏏
ഇപ്പോള്‍ ലോകകപ്പിനുള്ള തന്റെ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ബ്രയാന്‍ ലാറ.
മധ്യനിരയിലെ വെടിക്കെട്ട് വീരനായ റിങ്കു സിങ്ങിനെ പുറത്തിരുത്തിയാണ് ലാറ ടീം പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇതിന് പുറമെ ശുഭ്മന്‍ ഗില്ലിനും ലാറയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.
രോഹിത് ശര്‍മ തന്നെയാണ് ലാറയുടെ അഭിപ്രായത്തിലും ക്യാപ്റ്റന്റെ റോളിലെത്തേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെയാണ് രണ്ടാം ഓപ്പണറുടെ റോളിലേക്ക് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.