ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് ഉടമ്പടി ബ്രിട്ടന്‍ പാര്‍ലമെന്റ് തള്ളി. 432 പേര്‍ എതിര്‍ത്ത് ബ്രെക്‌സിറ്റിനെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍, 202 പേര്‍ മാത്രമാണ് ബ്രെക്‌സിറ്റിനെ അനുകൂലിച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ ബുധനാഴ്ച രാത്രി ഏഴു മണിക്ക് തെരേസ മേ ബ്രക്‌സിറ്റ് വിഷയത്തില്‍ രണ്ടാമത്തെ അവിശ്വാസ പ്രമേയം നേരിടേണ്ടി വരും.
1973ല്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ബ്രിട്ടന്‍ എല്ലാ നടപടിക്രമങ്ങളും 2019 മാര്‍ച്ച് 29ന് പൂര്‍ത്തിയാക്കി യൂണിയന്‍ വിട്ടു പോകണമെന്നായിരുന്നു മുന്‍ ധാരണ പ്രകാരം തീരുമാനിച്ചിരുന്നത്.
ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റില്‍ പരാജപ്പെട്ടതോടെ 2016ലെ ഹിത പരിശോധന റദ്ദാക്കുകയോ, നടപടി ക്രമങ്ങള്‍ പാലിക്കാതെ മറ്റു ഉപാധികളൊന്നുമില്ലാതെ ബ്രിട്ടന്‍ ഉടന്‍ തന്നെ യൂറോപ്യന്‍ വിടുകയോ ചെയ്യേണ്ടിവരും.
“ഈ ഉടമ്പടിയെ സഭ പിന്തുണക്കുന്നില്ലെന്ന് വ്യക്തമായി, എന്നാല്‍ ഈ സഭ എന്തിനെയാണ് പിന്തുണക്കുന്നതെന്ന് ഈ വോട്ടെടുപ്പ് വ്യക്തമാക്കുന്നില്ല. ബ്രട്ടിഷ് പൗരന്മാരുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ എങ്ങനെയാണ് പാര്‍ലമെന്റംഗങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇതില്‍ നിന്ന് വ്യക്തമല്ല”- ബ്രെക്‌സിറ്റ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് ശേഷം തെരേസ മേ പറഞ്ഞു.
ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ബ്രക്‌സിറ്റ് പാര്‍ലമെന്റില്‍ എതിര്‍ക്കപ്പെടുന്നത്. 230 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉടമ്പടി പാര്‍ലമെന്റില്‍ പരാജപ്പെടുന്നത്.
എന്നാല്‍ ഭരണകക്ഷികളില്‍ പെട്ട 118 പേര്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചില്ലെങ്കിലും തെരേസ മേ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് മിക്ക കക്ഷികളും അറിയിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ സര്‍ക്കാറിന് പ്രതിസന്ധി ഇല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, പാര്‍ലമെന്‍റിന്‍റെ തീരുമാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിരാശ പ്രകടപ്പിച്ചു.