|

ബ്രെക്‌സിറ്റ് കരട് ഉടമ്പടിയില്‍ പ്രതിഷേധം; നാല് ബ്രിട്ടീഷ് മന്ത്രിമാര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രെക്‌സിറ്റ് കരട് ഉടമ്പടിയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തെരേസ മേ മന്ത്രിസഭയില്‍ നിന്ന് നാലു മന്ത്രിമാര്‍ രാജിവച്ചു. ബ്രെക്‌സിറ്റ് മന്ത്രി ഡൊമിനിക് റാബ് ഉള്‍പ്പെടെയുള്ള നാലു പേരാണ് രാജിവെച്ചത്.

ബ്രെക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ പ്രത്യേക ഉച്ചക്കോടി ഈ മാസം 25നു ചേരാനിരിക്കെയാണ് മന്ത്രിമാരുടെ രാജിയെന്നതും സര്‍ക്കാരിന് ആഘാതമായി. നാല് പേര്‍ ഒരേ ദിവസം രാജിവെച്ചതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ALSO READ: ‘റിമൂവ് ഫോര്‍ എവരി വണ്‍’ ഫീച്ചര്‍ മെസഞ്ചറിലും

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പിന്‍വാങ്ങുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ചയാണ് “ബ്രെക്‌സിറ്റ് കരട് ഉടമ്പടി” അവതരിപ്പിച്ചത്. ഉടമ്പടിക്കു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് മന്ത്രിസഭ ഉടമ്പടിക്കു അംഗീകാരം നല്‍കിയത്. ഉടമ്പടിയിലെ വ്യവസ്ഥകളുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അതുകൊണ്ടു രാജിവയ്ക്കുകയാണെന്നും ഡൊമിനിക് റാബ് മാധ്യമങ്ങളോടു പറഞ്ഞു.

രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരായുള്ള വ്യവസ്ഥകളാണ് കരട് ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു പ്രതിപക്ഷവും ആരോപിച്ചു. യൂറോപ്യന്‍ യൂണിയനെ സന്തോഷിപ്പിക്കാനുള്ള ഉടമ്പടിയാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്ന ഉടമ്പടിയാണിതെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ഈ ഉടമ്പടിയില്‍ വേണമെങ്കില്‍ ചര്‍ച്ചകള്‍ ആവാം. അടുത്ത മാര്‍ച്ച് 29നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ മികച്ച അവസരങ്ങള്‍ കൈമുതലായുള്ള ബ്രിട്ടനെയാണ് തിരിച്ചുകിട്ടാന്‍ പോകുന്നത്.