തിരുവനന്തപുരം: ബ്രൂവറികള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കിയതില്‍ സര്‍ക്കാരിനെതിരേ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗവര്‍ണര്‍ തള്ളി. രമേശ് ചെന്നിത്തല നല്‍കിയ നാലാമത്തെ കത്താണ് ഗവര്‍ണര്‍ തള്ളുന്നത്. സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളുന്നതെന്ന് മറുപടിക്കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷനേതാവ് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആരോപണം ഉയര്‍ന്നതിനാല്‍ ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്നും നടപടികളില്‍ അപാകത ഇല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ബ്രൂവറികളില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. അനുമതി പിന്‍വലിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്. ഇവ പരിശോധിച്ചശേഷമാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.
ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ (2018 ഭേദഗതി) സെക്ഷന്‍ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ബ്രൂവറി അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്ന് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 15ല്‍ പറയുന്നുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും 19 വിദേശമദ്യ നിര്‍മ്മാണ യൂണിറ്റുകളുമാണ് ഉള്ളത്. കണ്ണൂരിലെ ശ്രീധരന്‍ ബ്രൂവറീസ്, പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ് ആന്‍ഡ് ബ്രൂവറീസ് , എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെക് എന്നീ കമ്പനികള്‍ക്കാണ് ബ്രൂവറി തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.
ശ്രീചക്ര ബ്രുവറീസ് 1998 ലെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2017 ല്‍ വീണ്ടും അപേക്ഷിച്ചത്. അതിനാല്‍ 1998ലെ അപേക്ഷയുമായി ചേര്‍ത്ത് പരിശോധിക്കുകയാണ് ചെയ്തതെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തേ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീഴ്ച ഉണ്ടായതുകൊണ്ടല്ല വിവാദം ഒഴിവാക്കാനാണ് റദ്ദാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറികളും അനുവദിച്ച ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.