Kerala Brewery row
ബ്രൂവറി അനുമതി റദ്ദാക്കി; കീഴടങ്ങുകയല്ല നാടിന് വേണ്ടി വിട്ടുവീഴ്ച ചെയ്തതാണെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 08, 08:36 am
Monday, 8th October 2018, 2:06 pm

തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ച ഉണ്ടായതുകൊണ്ടല്ല വിവാദം ഒഴിവാക്കാനാണ് റദ്ദാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ബ്രുവറികളും ഒരു ഡിസ്റ്റിലറികളും അനുവദിച്ച ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.

അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യം സംസ്ഥാനത്ത് തന്നെ നിര്‍മിക്കുന്നതിനുള്ള യൂണിറ്റുകള്‍ തുടങ്ങാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടരും. ഇത്തരം യൂണിറ്റുകള്‍ക്ക് ഇനിയും തത്ത്വത്തില്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. ഇപ്പോഴുള്ള തീരുമാനത്തിലൂടെ അതില്ലാതാക്കുകയാണ്. അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രൂവറി-ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും ഇടപാടിന് പിന്നില്‍ ബിനാമി- കടലാസ് കമ്പനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് അനുവദി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റും നിര്‍ദേശിച്ചിരുന്നു.

ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വസ്തുതകളും സര്‍ക്കാര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട സെക്രട്ടേറിയറ്റ് പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനം എടുത്തില്‍ മന്ത്രി ടി പി രാമകൃഷ്ണനോട് അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.