കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതില്‍ സി.പി.ഐക്ക് എതിര്‍പ്പ്. തങ്ങള്‍ വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുടിവെള്ളത്തെ മറന്ന് വികസനം വേണ്ടെന്നും അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ ആരും മൗനം കാണിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രി എം.ബി. രാജേഷിനെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്ന് കൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടെ വികസനം വരാവൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം,’ ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്രൂവറി വിഷയത്തില്‍ സി.പി.ഐയെ അനുയയിപ്പിക്കാന്‍ എം.ബി. രാജേഷ് ബിനോയ് വിശ്വത്തെ കണ്ടിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട എം.ബി. രാജേഷ് മന്ത്രിസഭ അംഗീകരിച്ച കാര്യങ്ങള്‍ പ്രത്യേകമായി വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു.
ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും അതിനാല്‍ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ വെള്ളം മുട്ടും എന്ന് പറയുന്നത് മറ്റ് ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത്തരം ആശങ്ക ഒന്നും വേണ്ടെന്നും എം.വി. ഗോവിന്ദന്‍ പറയുകയുണ്ടായി. പാലക്കാട്ടെ സി.പി.ഐ.എമ്മിന്റെ ജില്ലാ സമ്മേളനത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കുടിവെള്ളക്ഷാമം നേരിടുന്ന എലപ്പുള്ളിയില്‍ ബ്രൂവറി പദ്ധതിക്ക് അനുമതി നല്‍കിയതില്‍ സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
പുതുശ്ശേരി ഏരിയയിലെ അംഗങ്ങളാണ് വിഷയം സമ്മേളനത്തില്‍ ഉന്നയിച്ചത്. എം.ബി. രാജേഷിന്റെ സാമിപ്യത്തിലായിരുന്നു ഇവര്‍ ഇക്കാര്യം ഉന്നയിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാദേശിക നേതൃത്വത്തെ മുന്‍കൂട്ടി അറിയിക്കാഞ്ഞത് പ്രതിരോധത്തിലാക്കിയെന്നും നേതാക്കള്‍ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlight: Brewery Controversy; CPI says that there should be no development without drinking water