തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യ, ബിയര്‍ നിര്‍മാണ യൂണിറ്റുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദങ്ങളെ കൊണ്ട് നിറയുകയാണ്. 19 വര്‍ഷത്തിന് ശേഷം പുതുതായ മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രിയ്ക്കും മന്ത്രി ടി.പി രാമകൃഷ്ണനും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനും അതില്‍ പങ്കുണ്ടെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതില്‍ തൃശൂരിലെ ശ്രീചക്രാ ഡിസ്റ്റിലറിക്ക് നല്‍കിയ അനുമതിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ശ്രീ ചക്രാ ഡിസ്റ്റിലറിക്ക് കോമ്പൗണ്ടിങ്, ബ്ലെന്റിങ് ആന്റ് ബോട്ടിലിങ് യൂണിറ്റ് അനുവദിക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. സ്ഥലമോ സര്‍വേ നമ്പറോ ഇല്ലാതെയുള്ള ഉത്തരവ് അന്ന് തന്നെ വിവാദമായിരുന്നു.
എന്നാല്‍ ഉത്തരവില്‍ ഇല്ലെങ്കിലും ഫയലില്‍ എല്ലാ വിശദാംശങ്ങളും ഉണ്ട് എന്നായിരുന്നു മന്ത്രി ടി.പി രാമകൃഷ്ണന്റെ മറുപടി. എന്നാല്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഡിസ്റ്റിലറി അനുവദിക്കുന്നുവെന്നല്ലാതെ സര്‍വേ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഫയലില്‍ ഇല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഫയല്‍ തുടങ്ങുന്നത് തന്നെ കമ്മീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ കത്തിലും സെക്രട്ടറിയേറ്റിലെ ഫയലിലം തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട എന്ന് പറയുന്നുണ്ടെങ്കിലും സര്‍വേ നമ്പറോ മറ്റു വിശദാംശങ്ങളോ ഇല്ല. വിശദാംശങ്ങളില്ലാത്ത ഈ ഫയലാണ് മുഖ്യമന്ത്രിയും ഒപ്പിട്ടശേഷം എക്‌സൈസ് മന്ത്രി അനുവദിക്കാമെന്ന് എഴുതി ഒപ്പിട്ടുനല്‍കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതാണ് പിന്നീട് ഉത്തരവായി ഇറങ്ങിയത്.
ഈ ഫയലിലും ഉദ്യോഗസ്ഥര്‍ 1999 ലെ ഉത്തരവ് പ്രകാരം ശ്രീചക്രയ്ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നുണ്ട്. ഇവിടെയുത്പാദിപ്പിക്കുന്ന മദ്യം പൂര്‍ണമായും വിദേശത്തേക്ക് അയക്കണമെന്നും സംസ്ഥാനത്ത് വില്‍പ്പന നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും പറയുന്നുണ്ട്.
കേരളത്തിലെ വെള്ളം വിദേശമദ്യമുണ്ടാക്കാന്‍ അനുയോജ്യമാമെന്നും അതിന് വിദേശത്ത് സ്വീകാര്യത ലഭിക്കുമെന്നും കാട്ടിയാണ് ശ്രീചക്രാ ഡിസ്റ്റലറീസ് അപേക്ഷ നല്‍കിയത്.
ഇതിന്റെ ശാസ്ത്രീയ വശമോ യാഥാര്‍ത്ഥ്യമോ പരിശോധിക്കാതെയാണ് കഴിഞ്ഞ ജൂലൈ 12 ന് എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്. കമ്പനിക്ക് ഗോവയിലും പൂനെയിലും അഹമ്മദാബാദിലും ഡിസ്റ്റലറികളുണ്ടെന്ന് അനുമതി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കളവാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം നിര്‍മിക്കാന്‍ ഏതെങ്കിലും കമ്പനിക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് എക്‌സൈസ് വകുപ്പിന്റെ ജില്ലാ ഓഫീസ് ഒട്ടേറെ പരിശോധാന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. ശ്രീചക്രയുടെ കാര്യത്തില്‍ ഏതെങ്കിലും അപേക്ഷയോ അന്വേഷണമോ തൃശൂര്‍ ഓഫീസില്‍ എത്തിയില്ല.
ഡിസ്റ്റിലറി ബ്രൂവറി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ സ്ഥാപനം തുടങ്ങുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍, ജലലഭ്യത, മാലിന്യ സംസ്‌ക്കരണ സംവിധാനം തുടങ്ങിയവയും അപേക്ഷകന്റെ ബിസിനസ് പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും അടക്കമുള്ള മറ്റു കാര്യങ്ങളും വ്യക്തമാക്കണമെന്നുണ്ട്. ഇത് വിശധമായി പരിശോധിച്ച് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ എക്‌സൈസ് വകുപ്പ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ശ്രീചക്രയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.
ശ്രീചക്രാ ഡിസ്റ്റിലറീസിന്റെ ഹെഡ് ഓഫീസ് പീടിക മുറി
വിദേശമദ്യ നിര്‍മാണ യൂണിറ്റിന് അനുമതി നേടിയ ശ്രീചക്രാ ഡിസ്റ്റിലറീസിന്റെ ഹെഡ് ഓഫീസ് വിലാസം പെരുമ്പാവൂരിലെ ഒറ്റമുറിക്കട.
പച്ചക്കറി മാര്‍ക്കറ്റിലെ ക്ലാസിക് ടവേഴ്സിലാണു കടമുറി. ഇതാകട്ടെ, തുറക്കാറില്ലെന്നു സമീപമുള്ള കടയുടമകള്‍ പറയുന്നു.
ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയ രേഖകളില്‍ പറഞ്ഞിരിക്കുന്ന വിലാസത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അത് പെരുമ്പാവൂരിലെ കടമുറിയാണെന്ന് മനസിലായത്.
10,000 രൂപ മൂലധനത്തോടെ 1998 ഏപ്രില്‍ 12-ന് 012647 നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതായി രേഖയുള്ള ഈ കമ്പനി രജിസ്ട്രേഡ് ഓഫീസായി രേഖപ്പെടുത്തിയിട്ടുള്ളത് പെരുമ്പാവൂര്‍ മരക്കാര്‍ റോഡില്‍ പുളിക്കല്‍ കെട്ടിടത്തിലെ പി.എം.സി. 11/94 നമ്പര്‍ മുറിയാണ്.
മരയ്ക്കാര്‍ റോഡിലെ താമസക്കാരന്റെ പേരിലാണ് ഇത്. ഇയാളുടെ പേരിലാണ് ശ്രീചക്ര ഡിസ്റ്റിലറിക്ക് അപേക്ഷിച്ചിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി കട ഇയാളുടെ പേരിലാണ്. ഇതു നേരത്തേ ഇയാളുടെ ജ്യേഷ്ഠനും ബിവറേജസ് കോര്‍പറേഷനില്‍നിന്നു സ്വയം വിരമിച്ചയാളുമായ വ്യക്തിയുടെ പേരിലായിരുന്നു. ഇതു പിന്നീട് സഹോദരനു കൈമാറുകയായിരുന്നു.
എക്‌സൈസിന്റെ വകുപ്പുതല ശുപാര്‍ശ മറികടന്നാണ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ശ്രീചക്രാ ഗ്രൂപ്പിനു പുതിയ ഡിസ്റ്റിലറി അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ശ്രീചക്രയുടെ അപേക്ഷ പരിഗണിച്ച എക്‌സൈസ് ഡപ്യൂട്ടി സെക്രട്ടറി 2017 ഡിസംബര്‍ അഞ്ചിന് ഇതു നയപ്രശ്‌നമാണെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. അതു ശരിവച്ച് അന്ന് എക്‌സൈസ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് ഫയല്‍ എക്‌സൈസ് മന്ത്രിക്ക് അയച്ചു. ഡിസംബര്‍ എട്ടിനു മന്ത്രിയുടെ ഓഫിസിലെത്തിയ ഫയല്‍ എഴുമാസം അവിടെ വിശ്രമിച്ചു. തുടര്‍ന്ന് 2018 ജൂണ്‍ 14 ന് വകുപ്പുതല ശുപാര്‍ശ മറികടന്നു ശ്രീചക്രയ്ക്കു ഡിസ്റ്റിലറി അനുവദിക്കാന്‍ മന്ത്രി ഫയലിലെഴുതി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. ജൂലൈ എഴിനു മുഖ്യമന്ത്രി ഇത് അംഗീകരിച്ച് ഉത്തരവായി.
ഏഴു മാസം ഫയല്‍ വച്ചു താമസിപ്പിച്ചത് “ഡീല്‍” ഉറപ്പിക്കാനായിരുന്നെന്നു ചെന്നിത്തല ആരോപിച്ചു. വകുപ്പുതല ശുപാര്‍ശ മറികടന്ന് എന്തിന് ഇതു രഹസ്യമായി ചെയ്തുവെന്നു മന്ത്രിയും ഇതിന് എന്തിന് അംഗീകാരം നല്‍കിയെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കണം. തനിക്കുള്ള മറുപടിയെന്ന മട്ടില്‍ മുഖ്യമന്ത്രി മദ്യരാജാക്കന്മാരെ വെള്ളപൂശുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അതിനിടെ ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തില്‍ വിശദീകരണവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങും രംഗത്തെത്തി. വിവാദം അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നല്‍കിയത് പ്രാഥമിക അനുമതി മാത്രമാണ്. അന്തിമാനുമതി നല്‍കിയിട്ടില്ല. ശ്രീചക്രാ ഡിസ്റ്റിലറി 1998 മുതല്‍ അപേക്ഷ നല്‍കുന്നതാണ്. ഇതുകൊണ്ടാണു വിശദപരിശോധന നടത്താതിരുന്നതെന്നും ഋഷിരാജ് സിങ് പറഞ്ഞു.
1998 ല്‍ ലഭിച്ചിരുന്ന അപേക്ഷയുടെ തുടര്‍ച്ചയായാണ് ശ്രീചക്രയുടെ പുതിയ അപേക്ഷയും ലഭിച്ചത്. 1998 ലെ അപേക്ഷ തൊട്ടടുത്ത വര്‍ഷം തന്നെ നിരസിച്ചിരുന്നു. കാലങ്ങളായി ഈ സ്ഥാപനം ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുകയും കോടതി വിധികള്‍ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ 1999 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതുതള്ളുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതുസംബന്ധിച്ചു സര്‍ക്കാരിന്റെ തീരുമാനത്തിനായി സമര്‍പ്പിക്കുകയായിരുന്നെന്നും ഋഷിരാജ് സിങ് അറിയിച്ചു.