| Thursday, 21st November 2024, 1:53 pm

ഓസ്‌ട്രേലിയയില്‍ അവന്‍ പരാജയപ്പെടില്ല, അവിടെ അവന് മികച്ച റെക്കോഡുകള്‍ ഉണ്ട്; സ്റ്റാര്‍ ബാറ്ററെക്കുറിച്ച് ബ്രറ്റ് ലീ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവം മൂലം ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് ഓസീസ് ഇതിഹാസ താരം ബ്രറ്റ് ലീ. ന്യൂസിലാന്‍ഡിനെതിരെ 90 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും ഓസ്‌ട്രേലിയയില്‍ വിരാട് തളരില്ലെന്നും വലിയ ആത്മവിശ്വാസവും റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള മനോഭാവവുമുണ്ടെന്ന് ലീ അഭിപ്രായപ്പെട്ടു. മാത്രമല്ല ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുകള്‍ വിരാടിനുണ്ടെന്നും മുന്‍ താരം പറഞ്ഞു.

വിരാടിനെക്കുറിച്ച് ബ്രറ്റ് ലീ പറഞ്ഞത്

‘വിരാടിന് ഒരു ഓസ്ട്രേലിയന്‍ മാനസികാവസ്ഥയുണ്ട്, എന്ത് വന്നാലും അവന്‍ തളരില്ല. ഒരിക്കലും മരിക്കില്ല എന്ന മനോഭാവം പരമ്പരയില്‍ അവനെ സഹായിക്കും. അദ്ദേഹത്തിന്റെ മോശം പ്രകടനത്തെക്കുറിച്ച് ഒരുപാട് പറയപ്പെടുന്നുണ്ടെന്ന് എനിക്കറിയാം,

പക്ഷേ അവന്‍ റണ്‍ സ്‌കോറിങ്ങിലേക്ക് മടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളില്‍ അദ്ദേഹം 90 റണ്‍സ് നേടിയിട്ടുണ്ടാകാം, പക്ഷേ ആരാണ് ശ്രദ്ധിക്കുന്നത്? ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന് മികച്ച റെക്കോഡുകള്‍ ഉണ്ട്,’ ബ്രറ്റ് ലീ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.

നിലവില്‍ വിരാട് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ 24 റെഡ് ബോള്‍ ഗെയിമുകളില്‍ നിന്ന് 52.25 ശരാശരിയില്‍ 1979 റണ്‍സ് മാത്രമാണ് നേടിയത്. പരമ്പരയില്‍ എട്ട് സെഞ്ച്വറികള്‍ അടിച്ച വിരാട് എന്നും ഓസീസിന്റെ പേടിസ്വപ്നമാണ്. പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ വിരാട് മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Content Highlight: Brett Lee Talking About Virat Kohli Ahead Of Border Gavasker Trophy

We use cookies to give you the best possible experience. Learn more