ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. നിര്‍ണായകമായ മത്സരത്തില്‍ ആരാണ് ഫൈനലില്‍ എത്തുക എന്ന വമ്പന്‍ ചര്‍ച്ചകളിലാണ് ആരാധകര്‍.
എന്നാല്‍ ഫൈനലില്‍ ആര് ജയിക്കുമെന്ന് പ്രവചനവുമായി വന്നിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ്‌ലി. താരത്തിന്റെ അഭിപ്രായത്തില്‍ 2024 ഐ.പി.എല്‍ വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. രണ്ട് തവണ ഐ.പി.എല്‍ ചാമ്പ്യന്‍മാരായ കെ.കെ.ആര്‍ പോയിന്റ് പട്ടികയില്‍ ആദ്യമായി ഒന്നാം സ്ഥാനക്കാരായി ലീഗ് ഘട്ടം പൂര്‍ത്തിയാക്കി. ആദ്യമായിട്ടാണ് കൊല്‍ക്കത്ത ഇത്തരത്തില്‍ ഒന്നാം സ്ഥാനക്കാരായി ഗ്രുപ്പ് ഘട്ടം അവസാനിപ്പിക്കുന്നത് എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു.
‘തുടക്കം മുതല്‍, ആര്‍.സി.ബിയില്‍ നിന്ന് എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, അവര്‍ പുറത്തായപ്പോള്‍ ഞാന്‍ നിരാശനായിരുന്നു. എന്നാല്‍ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കെ.കെ.ആര്‍ ഒരു ശക്തമായ എതിരാളിയാണ്. എന്റെ അഭിപ്രായത്തില്‍, കെ.കെ.ആറാണ് ഒന്നാം സ്ഥാനത്തിന് ഏറ്റവും അര്‍ഹതയുള്ള ടീം, കാരണം അവര്‍ ഫൈനലിലേക്കുള്ള നേരിട്ടുള്ള പാത ഉറപ്പാക്കി. അവര്‍ കടുപ്പം കൂടിയ ടീമാണ്,’ ലീ എ.എന്‍.ഐയോട് പറഞ്ഞു.
എന്നാല്‍ ഇന്ന് ഫൈനലിലേക്ക് മുന്നേറാന്‍ രാജസ്ഥാനും ഹൈദരബാദും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം തീപാറും എന്നുറപ്പാണ്.
മത്സരത്തില്‍ വിജയം സ്വന്തമാക്കി ആരാണ് ഫൈനലില്‍ കൊല്‍ക്കത്ത
യെ നേരിടുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളികളുടെ സ്വന്തം സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ ഹൈദരബാദിനെ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.