പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം ജിതേഷ് ശര്‍മയുടെ പ്രകടനം ആന്‍ഡ്രൂ സൈമണ്ട്‌സിനെ ഓര്‍മിപ്പിക്കുന്നതായി ഓസീസ് ലെജന്‍ഡ് ബ്രെറ്റ് ലീ. ജിയോ സിനിമാസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍ പഞ്ചാബ് താരം (കിങ്‌സ് ഇലവന്‍ പഞ്ചാബ്) കൂടിയായിരുന്ന ലീ ഇക്കാര്യം പറഞ്ഞത്.
‘പന്തിനെ ഓവര്‍ ഹിറ്റ് ചെയ്യാതെ തന്നെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പവര്‍ ഗെയിമാണ് അവന്റെ പ്രത്യേകത. മറ്റുള്ള താരങ്ങളെ പോലെ അല്ല ജിതേഷ് ശര്‍മ, അവന്‍ പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ടുകളാണ് കളിക്കുന്നത്.
അവന്റെ ബാറ്റിങ് രീതി കാണുമ്പോള്‍ എനിക്ക് ആന്‍ഡ്രൂ സൈമണ്ട്‌സിനെയാണ് ഓര്‍മ വരുന്നത്. അദ്ദേഹം ഓവര്‍ ഹിറ്റ് ചെയ്യാന്‍ ശ്രമിക്കാതെ തന്നെ പന്തിനെ വരുതിയിലാക്കിക്കൊണ്ട് റണ്‍സ് നേടുന്ന താരമായിരുന്നു. അത്തരത്തിലൊരു കഴിവുണ്ടായിരിക്കുക എന്നത് വലിയ സമ്പാദ്യമാണ്,’ ലീ പറഞ്ഞു.
പഞ്ചാബ് കിങ്‌സ് ബാറ്റിങ് നിരയിലെ വിശ്വസ്ത താരമാണ് ജിതേഷ് ശര്‍മ. പഞ്ചാബിനായി കളിച്ച പത്ത് മത്സരത്തില്‍ നിന്നും 161.81 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 239 റണ്‍സാണ് താരം നേടിയത്.
ക്രീസിലെത്തിയ ശേഷം ആദ്യ പന്ത് മുതല്‍ക്കുതന്നെ ആക്രമിച്ചുകളിക്കുന്ന ജിതേഷിന്റെ ആദ്യ പത്ത് പന്തിലെ സ്‌ട്രൈക്ക് റേറ്റ് 183 ആണ്. ഈ കണക്കിലെ സീസണിലെ ഏറ്റവുമുയര്‍ന്ന പ്രഹരശേഷിയാണിത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും താരം തെറ്റില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. 18 പന്തില്‍ നിന്നും 21 റണ്‍സാണ് ജിതേഷ് നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു.
പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ കെ.കെ.ആര്‍ മറികടക്കുകയായിരുന്നു.
നിലിവില്‍ 11 മത്സരത്തില്‍ നിന്നും പത്ത് പോയിന്റാണ് പഞ്ചാബിനുള്ളത്. കൊല്‍ക്കത്തക്കെതിരെ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചേക്കും.
Content Highlight: Brett Lee says Jitesh Sharma reminds him of Andrew Symonds