ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം പോലെതന്നെ ഒരുപാട് ആരാധകരുള്ള മത്സരമാണ് ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടങ്ങള്‍. ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ പവര്‍ഹൗസുകളായ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോഴെല്ലാം മികച്ച മത്സരങ്ങള്‍ ആരാധകര്‍ പ്രതീക്ഷിക്കാറുണ്ട്.
ആരാധകരുടെ പ്രതീക്ഷപോലെ തന്നെ മികച്ച കട്ടക്ക് നില്‍ക്കുന്ന മത്സരങ്ങള്‍ തന്നെ ഈ കളികളില്‍ ഉണ്ടാകാറുണ്ട്. ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം എല്ലാ ടീമുകളെയും ഭയപ്പെടുത്തിയിരുന്ന ടീമാണ്. മികച്ച കളിപാേലെ തന്നെ കളിക്കളത്തിലെ ആറ്റിറ്റിയൂഡും മറ്റ് ടീമുകളെ ഭയപ്പെടുത്തിയിരുന്നു.
1999 മുതല്‍ 2007 വരെയാണ് ഓസീസിന്റെ സുവര്‍ണ കാലമെന്ന് അറിയപ്പെട്ടിരുന്നത്. മൂന്ന് ലോകകപ്പ് തുടര്‍ച്ചയായി നേടിയ ആ ടീം മൈറ്റി ഓസീസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകോത്തര താരങ്ങള്‍ക്ക് പുറമെ കളിക്കളത്തിലെ വാക് പോരുകളാണ് അവരെ വ്യത്യസ്തമാക്കിയിരുന്നത്.
മൈന്‍ഡ് ഗെയിംസ് കളിക്കാന്‍ ഓസീസിനെ പോലെ മറ്റൊരു ടീമിനും സാധിക്കില്ലായിരുന്നു. എതിരാളികളെ ആ സ്ലെഡ്ജ് ചെയ്ത് ട്രാപ്പില്‍ വീഴ്ത്താനും ഓസീസിന് സാധിച്ചിരുന്നു.
എന്നാല്‍ ഓസീസിന് ഒരു തരത്തിലും പിടി കൊടുക്കാത്ത ഒരു താരമുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരമായ ക്രിക്കറ്റിന്റെ ദൈവമെന്നറിയപ്പെടുന്ന സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു അത്. മറ്റു ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം ഓസീസിന്റെ വലയില്‍ വീഴുമ്പോള്‍ സച്ചിന്‍ കട്ടക്ക് നിന്നിരുന്നു.
ഓസ്‌ട്രേലിയന്‍ ടീം സച്ചിനെ സ്ലെഡ്ജ് ചെയ്യാന്‍ ഭയപ്പെട്ടിരുന്നു എന്നാണ് ഓസീസിന്റെ പേസ് ഇതിഹാസമായ ബ്രെറ്റ് ലീ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫീല്‍ഡില്‍ ഒരു പുലിയാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീ താരങ്ങള്‍ പേടിച്ചിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കളത്തില്‍ ഒരു കടുവയാണ്. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍, അവന്‍ യുദ്ധം ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അവന്‍ അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയാം.
സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്ലെഡ്ജ് ചെയ്ത് പണി മേടിക്കരുതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അവന്‍ എന്നെന്നേക്കുമായി ഔട്ടാകാതെ ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല,’ ലീ പറഞ്ഞു.
സച്ചിന്റെ റെക്കോഡുകള്‍ നോക്കിയാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ഫേവറേറ്റ് എതിരാളികള്‍ ഓസ്‌ട്രേലിയയാണ് എന്ന് വ്യക്തമാകും. തന്റെ 24 വര്‍ഷത്തെ കരിയറില്‍ 110 മത്സരത്തിലാണ് സച്ചിന്‍ ഓസീസിനെ നേരിട്ടത്. ആ 110 മത്സരത്തില്‍ നിന്നും 6,707 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. 20 സെഞ്ച്വറിയാണ് അദ്ദേഹം ഓസീസിനെതിരെ അടിച്ചുകൂട്ടിയത്.