ബോര്‍ഡര്‍ – ഗവാസ്‌കറിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്.
പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സാറ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയെ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തിരുന്നു. അഡ്ലെയ്ഡിലെ രണ്ടാം മത്സരത്തില്‍ ബുംറ നാല് ബാറ്റര്‍മാരെ പുറത്താക്കുകയും ചെയ്തു. ഗാബയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റും ബുംറ നേടിയിരുന്നു.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ ബൗളര്‍ ബ്രറ്റ് ലീ.
‘ലോകത്തിലെ ഏറ്റവും മികച്ച ആക്രമണങ്ങളിലൊന്നാണ് ഇന്ത്യയുടേത്. എന്നിരുന്നാലും ഇന്ത്യയ്ക്ക് വേണ്ടി ബുംറ മുഴുവന്‍ ഭാരവും ഏറ്റെടുക്കുന്നപോലെ തോന്നിയേക്കാം. അതിന് കാരണം അവന്‍ അത്രത്തോളം കഴിവുള്ള ബൗളറായതുകൊണ്ടാണ്. മറ്റേതൊരു ബൗളറെക്കാളും ഒരുപാട് മൈലുകള്‍ മുന്നിലാണവന്‍, മറ്റ് ബൗളര്‍മാരോട് എനിക് യാതൊരു അനാദരവും ഇല്ല, പക്ഷേ ബുംറയാണ് ഏറ്റവും മികച്ചത്,’ ബ്രറ്റ് ലീ പറഞ്ഞു.
അതേസമയം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.
ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങില്‍ വീണ്ടും മഴ പെയ്തതോടെ മത്സരം സമനിലയിലാകുകയായിരുന്നു.
Content Highlight: Brett Lee Praises Jasprit Bumrah