ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ബുംറ ഏറ്റവും മികച്ച താരമാണെന്നും മറ്റേത് ബൗളര്‍മാരെക്കാളും കാതങ്ങള്‍ മുമ്പിലാണെന്നും ലീ പറയുന്നു.
ഗാബ ടെസ്റ്റിന് ശേഷം സംസാരിക്കുകയായിരുന്നു മുന്‍ ഓസീസ് സൂപ്പര്‍ പേസര്‍.
‘ജസ്പ്രീത് ബുംറ ഒരു ലോകോത്തര ബൗളറാണ്. മുഹമ്മദ് ഷമി ഇന്ത്യക്കൊപ്പമില്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. കടുത്ത വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും മുഹമ്മദ് സിറാജ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് പേസ് ബൗളിങ് നിരയാണ് ഇന്ത്യക്കുള്ളത്. ടീമിന്റെ എല്ലാ ഭാരവും ബുംറ ഒറ്റയ്ക്ക് തോളിലേറ്റുന്നു എന്ന് ആളുകള്‍ ചിന്തിക്കാന്‍ കാരണം അവന്‍ അത്രയും മികച്ച താരമാണ് എന്നതുകൊണ്ടുതന്നെയാണ്.
മറ്റേത് ബൗളറേക്കാളും കാതങ്ങളകലെയാണ് ബുംറ. മറ്റ് ബൗളര്‍മാരോട് അനാദരവ് കാണിക്കുകയല്ല, പക്ഷേ അവനാണ് ഏറ്റവും മികച്ചത്,’ ലീ പറഞ്ഞു.
പരമ്പരയില്‍ ഏറ്റവും മികച്ച രീതിയിലാണ് ബുംറ പന്തെറിയുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച മൂന്ന് മത്സരത്തിലും ആറ് ഇന്നിങ്‌സിലും അവിശ്വസനീയമായ രീതിയിലാണ് താരം പന്തെറിഞ്ഞത്.
ആറ് ഇന്നിങ്‌സില്‍ നിന്നുമായി ഇതിനോടകം തന്നെ 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ നിരയിലും ഓസീസ് നിരയിലും മറ്റൊരു താരത്തിന് പോലും 15 വിക്കറ്റ് നേടാന്‍ സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
25.14 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 10.90 എന്ന അതിലും മികച്ച ശരാശരിയിലുമാണ് ബുംറ പന്തെറിയുന്നത്. ഇതിനോടകം തന്നെ രണ്ട് ഫൈഫറുകളും താരം സ്വന്തമാക്കി.
ഗാബ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും അടക്കം ആറ് താരങ്ങളെ തിരിച്ചയച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് കങ്കാരുക്കളും ബുംറയുടെ വേഗതയറിഞ്ഞു.
രണ്ടാം ഇന്നിങ്‌സില്‍ രണ്ടാം വിക്കറ്റ് വീഴ്ത്തിയതോടെ ഒരു ചരിത്ര നേട്ടവും ബുംറയെ തേടിയെത്തി. ഒരു ഓവര്‍സീസ് രാജ്യത്ത് ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഇതിഹാസ താരം കപില്‍ ദേവിനെയും സൂപ്പര്‍ താരം ഇഷാന്ത് ശര്‍മയെയും മറികടന്നാണ് ബുംറ ഈ നേട്ടത്തിലെത്തിയത്.
അതേസമയം, ബ്രിസ്ബെയ്നില്‍ സമനില പാലിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ്.
രണ്ട് ടെസ്റ്റുകളാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ വേദിയാകുമ്പോള്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട അവസാന ടെസ്റ്റിന് സിഡ്‌നിയും വേദിയാകും.
Content Highlight: Brett Lee praises Jasprit Bumrah