മികച്ച താരം ആര്, സച്ചിനോ അതോ വിരാടോ? ബ്രെറ്റ് ലീയുടെ ഉത്തരം കേട്ടാല്‍ ഏതൊരു ഇന്ത്യക്കാരനും കയ്യടിക്കും
Sports News
മികച്ച താരം ആര്, സച്ചിനോ അതോ വിരാടോ? ബ്രെറ്റ് ലീയുടെ ഉത്തരം കേട്ടാല്‍ ഏതൊരു ഇന്ത്യക്കാരനും കയ്യടിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th March 2023, 9:28 pm

ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും ഫ്യൂച്ചര്‍ ലെജന്‍ഡ് വിരാട് കോഹ്‌ലിയുടേയും പേരുകള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമെന്നുറപ്പാണ്. ഒരര്‍ത്ഥത്തില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഡിഫൈന്‍ ചെയ്തത് ഇവര്‍ രണ്ട് പേരുമായിരുന്നു.

സച്ചിന്റെ നൂറ് സെഞ്ച്വറികളുടെ റെക്കോഡ് തകര്‍ക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നതും വിരാട് കോഹ്‌ലിക്കാണ്. 75 സെഞ്ച്വറികളാണ് വിരാടിന്റെ പേരില്‍ നിലവിലുള്ളത്.

ടെസ്റ്റില്‍ 28 സെഞ്ച്വറിയും ഏകദിനത്തില്‍ 16 സെഞ്ച്വറിയും ടി-20യില്‍ ഒരു സെഞ്ച്വറിയുമാണ് വിരാടിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ നാല് സെഞ്ച്വറി കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ സച്ചിന്റെ 49 ശതകത്തിന്റെ റെക്കോഡ് തകര്‍ക്കാനും വിരാടിന് സാധിക്കും.

 

ഈ കാലമെമ്പാടും ഉയര്‍ന്ന് കേട്ടിട്ടുള്ള ചോദ്യമാണ് വിരാട് കോഹ്‌ലിയാണോ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ ഏറ്റവും മികച്ച താരം എന്നുള്ളത്.

പല താരങ്ങളും ഈ തര്‍ക്കത്തില്‍ വിരാടിനൊപ്പമോ സച്ചിനൊപ്പമോ നിന്നപ്പോള്‍ ഇത്തരമൊരു താരതമ്യത്തിന്റെ ആവശ്യമുണ്ടോ എന്നും പല താരങ്ങളും ചോദിച്ചിരുന്നു.

എന്നാല്‍ ഈ ഡിബേറ്റില്‍ ഏറ്റവും രസകരവും എന്നാല്‍ അത്രയും തന്നെ ഉചിതവുമായുള്ള മറുപടി നല്‍കിയത് ഓസ്ട്രേലിയന്‍ ഇതിഹാസ പേസറായ ബ്രെറ്റ് ലീയാണ്. ലീയുടെ മറുപടിയിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവുമധികം തൃപ്തരായിട്ടുള്ളതും.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവ് പുലര്‍ത്തിയ താരം സച്ചിനോ വിരാടോ എന്ന ചോദ്യം ബ്രെറ്റ് ലീയോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ‘ ആ യുഗത്തില്‍ സച്ചിനും ഈ യുഗത്തില്‍ വിരാടും’ എന്നായിരിക്കും. പ്രമുഖ കായിക മാധ്യമമായ ക്രിക്കറ്റ് അഡിക്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

സച്ചിനും വിരാടും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങള്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യ ക്രിക്കറ്റ് ക്രിക്കറ്റ് ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് ഈ രണ്ട് സൂപ്പര്‍ താരങ്ങളും.

ക്രിക്കറ്റ് ലോകത്തെ ഇവരെ പോലെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകാരും കുറവായിരിക്കും. ഏകദേശം ഒരുപോലെയുള്ള കരിയര്‍ ഗ്രാഫും ഇവരുടെ പ്രത്യേകതയായിരുന്നു. റെക്കോഡുകള്‍ സൃഷ്ടിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് എന്ന ഗെയിമിനെ തന്നെ മാറ്റിയെഴുതിയപ്പോള്‍ ആ റെക്കോഡുകളെ തിരുത്തി കുറിച്ചാണ് വിരാട് കോഹ്‌ലി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്.

 

Content highlight: Brett Lee on Sachin Tendulkar vs Virat Kohli debate