ഇടിമിന്നലായി ബ്രെറ്റ് ലീ, കൊടുങ്കാറ്റായി ഫിഞ്ച്; ഓസ്‌ട്രേലിയക്ക് മുന്നില്‍ ചതഞ്ഞരഞ്ഞ് പ്രോട്ടിയാസ്!
Sports News
ഇടിമിന്നലായി ബ്രെറ്റ് ലീ, കൊടുങ്കാറ്റായി ഫിഞ്ച്; ഓസ്‌ട്രേലിയക്ക് മുന്നില്‍ ചതഞ്ഞരഞ്ഞ് പ്രോട്ടിയാസ്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th July 2024, 8:01 pm

2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍സ് ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയ. ടോസ് നേടി ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് ആണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് അടിച്ചെടുത്തത്.

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെയും ഷോണ്‍ മാഷിന്റെയും വെടിക്കെട്ട് പ്രകടനത്തിലാണ് ഓസ്‌ട്രേലിയ തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 25 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 49 റണ്‍സാണ് താരം അടിച്ചെടുത്തത്. 196 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഷോണ്‍ മാഷ് 28 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 49 റണ്‍സ് നേടി.

പ്രോട്ടിയാസ് പേസര്‍ ജീന്‍ പോള്‍ ഡുമിനിയുടെ പന്തിലാണ് ഇരുവരും പുറത്തായത്. ശേഷം ഇറങ്ങിയ ബെന്‍ ഡന്‍ക് 21 പന്തില്‍ മൂന്ന് സിക്‌സറും 5 ഫോറും ഉള്‍പ്പെടെ 47 റണ്‍സ് നേടിയത് 223 സ്‌ട്രൈക്ക് റേറ്റിലാണ്. അവസാനഘട്ടത്തില്‍ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഉയര്‍ത്തിയത് ബെന്‍ കട്ടിങ് നേടിയ 38 റണ്‍സിന്റെയും ടിം പെയിനി നേടിയ 34 റണ്‍സിന്റെയും ബലത്തിലാണ്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. ആദ്യ പന്തില്‍ തന്നെ റിച്ചാര്‍ഡ് ലെവിയെ ഗോള്‍ഡന്‍ ഡക്ക് ആക്കിക്കൊണ്ടായിരുന്നു ബ്രെറ്റ് ലീ തുടങ്ങിയത്. ക്യാപ്റ്റന്‍ ജാക്ക് കാല്ലിസിനെയും രണ്ടാം ഓവറില്‍ ആറ് റണ്‍സിന് പറഞ്ഞയച്ച് പ്രോട്ടിയസിനെ ലീ വിറപ്പിച്ചു.

തുടര്‍ന്ന് ജയിന്‍ പോള്‍, ഡൊമിനിയെയും ആഷ്വല്‍ പ്രിന്‍സിനെയും കള്‍ട്ടര്‍ നെയില്‍ പറഞ്ഞയച്ചതോടെ സൗത്ത് ആഫ്രിക്ക സമ്മര്‍ദത്തില്‍ ആയിരിക്കുകയാണ്. നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് ആണ് പ്രോട്ടിയാസിന് എടുക്കാന്‍ സാധിച്ചത്.

പ്രോട്ടിയാസിന് വേണ്ടി ഡൊമിനി 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ റയാന്‍ മെക്ലാരന്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും നേടി. ഇരുവര്‍ക്കും പുറമേ ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റ് നേടി.

 

Content Highlight: Brett Lee And Shaun Marsh In Great Performance In World Championship Of Legends