ലോകത്തെ ഏറ്റവും ഉഗ്രന്‍ കാറുണ്ട്, പക്ഷെ കട്ടപ്പുറത്ത് ഇടാന്‍ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം; വേഗതയുടെ ഈ താരത്തെ ടീമിലെടുക്കാന്‍ നോക്കൂ: ബ്രെറ്റ് ലീ
Sports
ലോകത്തെ ഏറ്റവും ഉഗ്രന്‍ കാറുണ്ട്, പക്ഷെ കട്ടപ്പുറത്ത് ഇടാന്‍ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം; വേഗതയുടെ ഈ താരത്തെ ടീമിലെടുക്കാന്‍ നോക്കൂ: ബ്രെറ്റ് ലീ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th October 2022, 10:49 am

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ആശങ്കകള്‍ അവസാനിക്കുന്നില്ല. പരിക്ക് പറ്റിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് പകരം ആരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്ന് തല പുകഞ്ഞ് ആലോചിച്ചിട്ടും ബി.സി.സി.ഐക്ക് ഉത്തരം കിട്ടിയിട്ടില്ല.

സെലക്ടര്‍മാരെയും കുറ്റം പറയാനാകില്ല, കാരണം ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയിലൊഴിച്ച് ബാക്കി ഒട്ടുമിക്ക മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിങ്ങ് നിര ചെണ്ടയാകുന്ന കാഴ്ചയായിരുന്നു കണ്ടത്. ഡെത്ത് ഓവറുകള്‍ റണ്‍മഴ പെയ്യിക്കാന്‍ എതിര്‍ ടീമിന് അവസരം നല്‍കുകയായിരുന്നു മിക്ക താരങ്ങളും.

 

മികച്ച നിലയില്‍ പെര്‍ഫോം ചെയ്ത് വന്നിരുന്ന ബുംറ പരിശീലനത്തിനിടെ പണി കിട്ടി മടങ്ങിയപ്പോള്‍, പകരം പ്രതീക്ഷ വെച്ചത് ദീപക് ചഹറിലായിരുന്നു. എന്നാല്‍ പരിക്ക് താരത്തെയും പിടി കൂടി.

ഇനിയിപ്പോള്‍ ഓപ്ഷനുകളുടെ നീണ്ട നിരയൊന്നും ഇന്ത്യന്‍ ടീമിന് മുമ്പിലില്ല. മൂന്നേ മൂന്ന് പേരാണ് നിലവില്‍ ചുരുക്കപ്പട്ടികയിലുള്ളത്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്.

അനുഭവസമ്പത്തുള്ള ഷമിയായിരിക്കും ടീമിലെത്തുക എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നെറ്റ് ബൗളര്‍മാരായി സിറാജും ഉമ്രാനും ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

റോ ബൗളറായി അറിയപ്പെടുന്ന ഉമ്രാന്‍ കഴിഞ്ഞ ജൂണിലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളത്തിലിറങ്ങിയത്. അയര്‍ലാന്‍ഡിലായിരുന്നു ഇത്. സിറാജിന് ഇപ്പോള്‍ നടന്ന ദക്ഷിണാഫ്രിക്കയുമായുള്ള സീരീസിലെ ‘പ്ലെയര്‍ ഓഫ് ദ സീരിസ്’ നേട്ടം കൂട്ടിനുണ്ട്. അതുകൊണ്ട് തന്നെ ഈ നെറ്റ് ബൗളേഴ്‌സില്‍ നിന്നും സിറാജിനാണ് ഒരു പടി കൂടി ചാന്‍സ് കൂടുതല്‍.

എന്നാല്‍ ഇന്ത്യന്‍ ടീം ഉമ്രാന്‍ മാലികിനാണ് അവസരം നല്‍കേണ്ടതെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീയുടെ വാക്കുകള്‍. ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഈ 22കാരന് അതിഗംഭീര പെര്‍ഫോമന്‍സ് നടത്താന്‍ സാധിക്കുമെന്നും ബ്രെറ്റ് ലീ പറയുന്നു.

‘ലോകത്തെ ഏറ്റവും നല്ല കാര്‍ നിങ്ങളുടെ പക്കലുണ്ട്. പക്ഷെ അതിനെ ഗരേജില്‍ നിര്‍ത്താനാണ് തീരുമാനമെങ്കില്‍ പിന്നെ ഞാനെന്ത് പറയാനാണ്. 150 വേഗതയില്‍ പന്തെറിയുന്നയാളാണ് ഉമ്രാന്‍ മാലിക്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും അവനെ ഉള്‍പ്പെടുത്തണമായിരുന്നു.

അവന്‍ ചെറുപ്പമാണെന്നതും വളരെ റോ ആയി പന്തെറിയുന്നയാളാണ് എന്നുള്ളതുമൊക്കെ ശരിയാണ്. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞല്ലോ 150 ആണ് അവന്റെ വേഗത എന്ന കാര്യം മറക്കരുത്. കയ്യില്‍ നിന്നും വിട്ടാല്‍ പന്ത് പറക്കുന്ന സ്ഥലമാണ് ഓസ്‌ട്രേലിയ. അതുകൊണ്ട് ഉമ്രാന്‍ മാലികിനെ ടീമിലേക്ക് സെലക്ട് ചെയ്ത് ഇവിടേക്ക് കൊണ്ടുവരൂ,’ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബ്രെറ്റ് ലീ പറഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് നിലവില്‍ ലോകകപ്പ് സ്‌ക്വാഡിലെ ബൗളിങ് നിരയിലെ താരങ്ങള്‍. ഇവര്‍ക്കൊപ്പം ബുംറക്ക് പകരം ആരാകും ടീമിലെത്തുക എന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ ബി.സി.സി.ഐ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.

Content Highlight: Brett Lee about the need to select Umran Malik to Indian World cup squad