| Sunday, 7th October 2018, 2:06 pm

ലൈംഗിക ആരോപണം നിലനില്‍ക്കേ ബ്രെറ്റ് കവനോവ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി; നോമിനേറ്റ് ചെയ്തത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ലൈംഗിക ആരോപണം നിലനില്‍ക്കേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി ബ്രെറ്റ് കവനോവ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ബ്രെറ്റ് കവനോവ് യു.എസിലെ 114ാമത് സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സെനറ്റില്‍ കഷ്ടിച്ച് രണ്ട് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കവനോവിന്റെ നിയമനത്തിന് അംഗീകാരം കിട്ടിയത്. സെനറ്റില്‍ 48ന് എതിരെ 50 വോട്ടിനാണ് അംഗീകാരം കിട്ടിയത്. ബ്രെറ്റ് കവനോവ് ജഡ്ജിസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് ഉയര്‍ന്നിരുന്നത്. വോട്ടിങ്ങിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ കവനോവിനെതിരെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തിരുന്നു.


കവനോവ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി പാലോ ഓള്‍ട്ടോ സര്‍വകലാശാല അധ്യാപിക ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് രംഗത്തെത്തിയിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് ഒരു പാര്‍ട്ടിയ്ക്കിടയില്‍ കവനോവ് ഇവരെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ കവനോവ് ഈ ആരോപണം തള്ളിയിരുന്നു.

ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴോ അതിനു ശേഷമോ താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കൗമാര കാലത്ത് ഫോര്‍ഡുമായി താന്‍ കണ്ടുമുട്ടിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളായിരുന്നില്ല. മാത്രമല്ല, തങ്ങള്‍ ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുമില്ല എന്നാണ് കവനോവ് ഇതിന് മറുപടി നല്‍കിയിരുന്നത്.

1983ല്‍ യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് പാര്‍ട്ടിക്കിടെ കവനോവ് അശ്ലീലപ്രദര്‍ശനം നടത്തിയെന്ന് ഡെബോറോ റാമിരസെന്ന സ്ത്രീയും ആരോപിച്ചിരുന്നു. ഈ ആരോപണവും കവനോവ് നിഷേധിച്ചിരുന്നു. അത്തരമൊരു കാര്യം താന്‍ ഒരിക്കലും ചെയ്തിട്ടില്ല. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ അന്നത് വലിയ സംസാരവിഷയമാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


അതേസമയം, ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും എല്ലായ്‌പ്പോഴും കവനോവിനൊപ്പം നില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കവനോവ് ജഡ്ജിയായതോടെ കോടതിയും ട്രംപ് പക്ഷത്തിന് അനുകൂലമായി മാറിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more