| Monday, 13th May 2024, 3:43 pm

അവന്റെ ഓരോ ഷോട്ടുകളും വിരാട് കോഹ്‌ലിയെ ഓർമിപ്പിക്കുന്നു: ബ്രെറ്റ് ലീ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റൺസിനാണ് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ തങ്ങളുടെ ആറാം ജയം സ്വന്തമാക്കിയിരുന്നു.

ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. എന്നാല്‍ വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 19.1 ഓവറില്‍ 140 റണ്‍സിന് പുറത്താവുകയായിരുന്നു.

32 പന്തില്‍ 52 റണ്‍സ് നേടിയ രജത് പടിദാറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെയാണ് ബംഗളൂരു മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. മൂന്നു വീതം ഫോറുകളും സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇപ്പോഴിതാ പടിദാറിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് ഓസീസ് ഇതിഹാസം ബ്രറ്റ് ലീ. പടിദാറിന്റെ കവർ ഡ്രൈവ് വിരാട് കോഹ്‌ലിയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് ബ്രറ്റ് ലീ പറഞ്ഞത്.

‘പടിദാര്‍ അടിച്ച ആ കവര്‍ ഡ്രൈവ് വിരാട് കോഹ്‌ലിയാണ് നേടിയതെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചേക്കാം. ഈ സീസണിലെ പടിദാറിന്റെ അഞ്ചാം അര്‍ധ സെഞ്ച്വറിയാണിത്. അവന് കളിക്കളത്തില്‍ മികച്ച പ്രകടനം കണ്ടെത്താന്‍ അല്‍പ്പം സമയം ആവശ്യമാണ്. മത്സരത്തില്‍ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം അവന്‍ ആ കവര്‍ ഡ്രൈവ് കളിച്ചു എന്നതാണ്. അത് കണ്ടതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്,’ ബ്രറ്റ് ലീ പറഞ്ഞു.

ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നും അഞ്ച് അർധാസെഞ്ച്വറികൾ ഉൾപ്പെടെ 320 റൺസാണ് താരം അടിച്ചെടുത്തത്. 29.09 ആവറേജിലും 179.78 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

അതേസമയം ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും ഏഴു തോല്‍വിയും അടക്കം 12 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ബെംഗളൂരുവിന് സാധിച്ചു.

മെയ് 18ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Bret Lee praises Rajat Patidar great performance against Delhi Capitals

We use cookies to give you the best possible experience. Learn more