ഇതുവരെ ടീമിനെ തെരഞ്ഞെടുത്തിട്ടില്ല, പാകിസ്ഥാനില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല: ബ്രണ്ടന്‍ മക്കെല്ലം
Sports News
ഇതുവരെ ടീമിനെ തെരഞ്ഞെടുത്തിട്ടില്ല, പാകിസ്ഥാനില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല: ബ്രണ്ടന്‍ മക്കെല്ലം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 7:06 pm

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ലും പാകിസ്ഥാന്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇനി ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് പാകിസ്ഥാന്റെ മുന്നിലുള്ളത്. ഒക്ടോബര്‍ ഏഴിനാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

രണ്ടാം ടെസ്റ്റ് 15 മുതല്‍ 19 വരെയും അവസാന ടെസ്റ്റ് 24 മുതല്‍ 28 വരെയുമാണ്. ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലുമാണ് മത്സരങ്ങള്‍ നിലവില്‍ ഷെഡ്യൂള്‍ ചെയ്തത്.

എന്നിരുന്നാലും 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കാനിരിക്കുന്നതുകൊണ്ട് സ്റ്റേഡിയങ്ങളില്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കാരണം ടെസ്റ്റ് പരമ്പരയ്ക്കുള്ള വേദികളുടെ കാര്യത്തില്‍ സംശയമുണ്ട്.

ഇതോടെ ഇംഗ്ലണ്ട് റെഡ് ബോള്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കെല്ലം വേദികളുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം അറിയിക്കണമെന്ന് പറഞ്ഞിരിക്കുകയാണ്.

കാരണം 2023-2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പരയ്ക്ക് ഇംഗ്ലണ്ട് ഏറെ വില നല്‍കുന്നുണ്ടെന്നാണ് മുന്‍ താരം അറിയിച്ചത്. കഴിഞ്ഞ മത്സരങ്ങളെല്ലാം ബാറ്റിങ്ങിനാണ് പാകിസ്ഥാനിലെ പിച്ച് പിന്തുണച്ചതെന്നും മക്കെല്ലം പറഞ്ഞിരുന്നു.

‘പാകിസ്ഥാനില്‍ എന്ത് സംഭവിക്കുമെന്ന് ശരിക്കും ഞങ്ങള്‍ക്ക് അറിയില്ല, അതുകൊണ്ട് എവിടെയാണ് ഞങ്ങള്‍ കളിക്കുക എന്ന് അറിയുന്നതുവരെ ഒരു ടീമിനെ തെരഞ്ഞെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് അത് അറിയാന്‍ സാധിച്ചാല്‍ നന്നായിരിക്കും. നേരിടേണ്ട പിച്ചിന്റെ സാഹചര്യങ്ങളും എതിരാളികള്‍ക്ക് അനുയോജ്യമായ ടീമിനെയും തെരഞ്ഞെടുക്കാനും ഇത് ഞങ്ങളെ സഹായിക്കും,’ മക്കെല്ലം പറഞ്ഞു.

 

Content Highlight: Brendon McCullum has not chosen his Test team against Pakistan