മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പി; കേരളം തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന നദ്ദയുടെ പ്രസ്താവനക്കുള്ള മറുപടി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍: ബൃന്ദ കാരാട്ട്
ന്യൂദല്‍ഹി: കേരളം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നടത്തിയ പ്രസ്താവന തീര്‍ത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് സി.പി.ഐ.എം പങ്കുവെച്ച കോളത്തല്‍ ബൃന്ദാ കാരാട്ട് പറഞ്ഞു.
‘കേരളം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പാര്‍ട്ടി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ അദ്ദേഹത്തിന് തന്റെ അബദ്ധം ബോധ്യപ്പെടും.
സമാധാനം, സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്.
രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്,’ ബൃന്ദാ കാരാട്ട് പറഞ്ഞു.
തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുന്നുവെന്നാണ് നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.