സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് എന്ത് വിലയാണുള്ളത്? ബില്‍ക്കീസ് ബാനു കേസിലെ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് ലജ്ജാകരമെന്ന് ബൃന്ദ കാരാട്ട്
national news
സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് എന്ത് വിലയാണുള്ളത്? ബില്‍ക്കീസ് ബാനു കേസിലെ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് ലജ്ജാകരമെന്ന് ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 12:37 pm

ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അപലപനീയമായ ഉത്തരവ് ഗുജറാത്ത് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

‘ഗുജറാത്ത് വംശഹത്യക്കാലത്ത് മൂന്ന് വയസുകാരിയെ അടക്കം കൂട്ടബലാത്സംഗം ചെയ്യുകയും ഏഴംഗ കുടുംബത്തെ അരുംകൊല ചെയ്യുകയും ചെയ്ത കേസാണിത്. കുട്ടബലാത്സംഗവും കൊലപാതകവും എന്നീ കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷായിളവ് നല്‍കില്ലെന്നുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ 2014ലെ വിജ്ഞാപനത്തിന്റെയും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെയും ലംഘനമാണ് നടപടി.

സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുമെന്ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന് എന്ത് വിലയാണുള്ളത്? അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രിമിനലുകളുമായി കുറ്റകരമായ സഹകരണത്തിലാണ്. ബി.ജെ.പിയുടേത് തികഞ്ഞ കാപട്യമാണ്,’ ബൃന്ദ പറഞ്ഞു.

ബല്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. ബലാത്സംഗക്കേസില്‍ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് വിധിച്ചവരുടെയോ ശിക്ഷാ കാലവധിയില്‍ ഇളവ് വരുത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അര്‍ഹരായ തടവുകാരുടെ ശിക്ഷാകാലാവധയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജീവപര്യന്തം തടവുകാരെയും ബലാത്സംഗക്കേസില്‍ പ്രതിയായവരേയും ഇതില്‍ ഉള്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ രാധേശ്യം ഷാ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അവരെ വിട്ടയക്കണമെന്നായിരുന്നില്ല കോടതിയുടെ ആവശ്യം.

2002ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബല്‍ക്കീസ് ബാനു എന്ന 21കാരിയെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. ഇതിന് പിന്നാലെ ഏഴ് കുടുംബാംഗങ്ങളെ പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരില്‍ ബല്‍ക്കീസ് ബാനുവിന്റെ മകളുമുണ്ടായിരുന്നു. ബലാത്സംഗം ചെയ്യപ്പെടുന്ന സമയത്ത് ബല്‍ക്കീസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബാനു മരിച്ചെന്നു കരുതിയായിരുന്നു അന്ന് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിച്ചിരുന്നു. 2008 ല്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഇതില്‍ ഏഴു പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് കേസ് പരിഗണിച്ച ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ പറയുകയുമായിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് കേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഐക്യകണ്‌ഠേന ഉത്തരവിട്ടത്.

CONTENT HIGHLIGHTS:  Brenda Karat said the Gujarat government’s order to release the convicts in the Bilquis Banu case was shocking and shameful