| Saturday, 13th January 2024, 11:53 am

മനോരമയുടെ തലക്കെട്ട് പൂര്‍ണമായും തെറ്റ്; പാര്‍ട്ടിയില്‍ അവഗണന നേരിട്ടില്ലെന്നും തെറ്റായ വാര്‍ത്ത നല്‍കിയവര്‍ മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെ കുറിച്ച് ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ പൂര്‍ണമായും തള്ളി സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട്. പ്രകാശ് കാരാട്ടിന്റെ പങ്കാളിയായി മാത്രം ബൃന്ദ കാരാട്ടിനെ പാര്‍ട്ടിയില്‍ പരിഗണിച്ചു എന്നായിരുന്നു ഇന്നത്തെ മലയാള മനോരമ ദിനപത്രത്തില്‍ പ്രധാന വാര്‍ത്ത. ബൃദ്ധ കാരാട്ടിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആന്‍ എജുക്കേഷന്‍ ഫോര്‍ റിത എന്ന ബൃന്ദയുടെ പുസ്തകത്തെ ഉദ്ധരിച്ച്‌കൊണ്ടായിരുന്നു മനോരമയുടെ വാര്‍ത്ത.

എന്നാല്‍ പുസ്തകത്തില്‍ അത്തരത്തിലുള്ള പരമാര്‍ശങ്ങളില്ലെന്നും തെറ്റായ വാര്‍ത്ത നല്‍കിയവര്‍ മാപ്പ് പറയണമെന്നും ബൃന്ദ പറഞ്ഞു. തനിക്ക് അത്തരത്തിലുള്ള വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും മലയാള മനോരമയുടെ തലക്കെട്ടിനെ പൂര്‍ണമായും തള്ളുന്നു എന്നും സി.പി.ഐ.എം നേതാവ് പറയുന്നു.

മലയാളത്തിലായതിനാല്‍ തന്നെ വാര്‍ത്തയുടെ ഉള്ളടക്കം താന്‍ വായിച്ചിട്ടില്ലെന്നും എന്നാല്‍ ആ തലക്കെട്ടില്‍ പറയുന്നതുപോലുള്ളൊരു പരാമര്‍ശം തന്റെ പുസ്തകത്തിലില്ല എന്നും ബൃന്ദ ന്യൂദല്‍ഹിയില്‍ പറഞ്ഞു. താന്‍ പറയാത്ത കാര്യം തന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമ നൈതികതക്ക് ചേര്‍ന്നതല്ലെന്നും മലയാള മനോരമ മാപ്പ് പറയണമെന്നും അവര്‍ പറഞ്ഞു.

പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും ബൃദ്ധകാരാട്ട് പറഞ്ഞു. നേരത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് പാര്‍ട്ടിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നില്ല എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്തയെയും ബൃന്ദ കാരാട്ട് തള്ളിക്കളഞ്ഞു. സി.പി.ഐ.എമ്മില്‍ അങ്ങനെ അനുമതി വാങ്ങേണ്ടതില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിതെന്നും അവര്‍ പറഞ്ഞു. അടിയന്തിരാവസ്ഥ അടക്കമുള്ള തന്റെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത് എന്നും ബൃന്ദ പറയുന്നു.

2024 ജനുവരി 13ലെ പത്രത്തിലാണ് മലയാള മനോരമ ഈ വിഷയം പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചത്. ‘എന്നെ ഭാര്യ മാത്രമായി പരിഗണിച്ചു’എന്നായിരുന്നു ബൃന്ദകാരാട്ടിന്റെ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് എന്ന് അവകാശപ്പെട്ടായിരുന്നു മനോരമ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട്.

പാര്‍ട്ടിയില്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രകാശ് കാരാട്ടിന്റെ പങ്കാളി മാത്രമായി ബൃന്ദകാരാട്ട് പരിഗണിക്കപ്പെട്ടു, ദേശീയ തലത്തില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടിട്ടില്ല എന്നും ചില സന്ദര്‍ഭങ്ങളില്‍ താന്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിക്കപ്പെട്ടു എന്നുമാണ് ബൃന്ദയുടെ പുസ്തകത്തിലുള്ളത് എന്നായിരുന്നു മനോരമയുടെ വാര്‍ത്തയിലുണ്ടായിരുന്നത്. മനോരമ വാര്‍ത്തക്ക് പിന്നാലെ വിവിധ മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്തു.

പാര്‍ട്ടിയിലെ ഭിന്നതയുടെ സമയത്തെല്ലാം പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന വിവേചനം ബൃന്ദ നേരിട്ടു എന്നും വാര്‍ത്തകളിലുണ്ടായിരുന്നു. തന്റെ സ്വത്വത്തെ പ്രകാശ് കാരാട്ടിന്റെ പങ്കാളി എന്ന പേരുമായി കൂട്ടിക്കുഴച്ചുവെന്നും അതിന്റെ പേരില്‍ മാറ്റാര്‍ക്കും നേരിടേണ്ടി വരാത്ത സൂക്ഷ്മ പരിശോധനകള്‍ തനിക്ക് നേരിടേണ്ടി വന്നതായും ബൃന്ദ എഴുതിയതായി മനോരമയും മറ്റു മാധ്യമങ്ങളും ഇന്ന് രാവിലെ മുതല്‍ വാര്‍ത്ത നല്‍കുന്നുണ്ടായിരുന്നു.

1975 മുതല്‍ 1985 വരെയുള്ള 10 വര്‍ഷത്തെ അനുഭവങ്ങളാണ് ആന്‍ എജുക്കേഷന്‍ ഫോര്‍ റിത എന്ന ബൃന്ദകാരാട്ടിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലുള്ളത്. അടിയന്തിരാവസ്ഥ കാലത്തെ അനുഭവങ്ങളടക്കം ഈ പുസ്തകത്തിലുള്ളതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

CONTENT HIGHLIGHTS: The title of Manorama is completely wrong; Brenda Karat said that she did not face neglect in the party and those who spread the wrong news should apologize

We use cookies to give you the best possible experience. Learn more