മുലപ്പാല്‍ പൊണ്ണത്തടിയുണ്ടാക്കും?
Daily News
മുലപ്പാല്‍ പൊണ്ണത്തടിയുണ്ടാക്കും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th April 2015, 9:00 am

breast കുഞ്ഞിന് ഏറെ പോഷകാംശം പ്രദാനം ചെയ്യുന്ന ആദ്യ ഭക്ഷണമാണ് മുലപ്പാല്‍. എന്നാല്‍ മുലപ്പാല്‍ എല്ലാ കുട്ടികളെയും പൊണ്ണത്തടി വരുന്നതില്‍ നിന്നു സംരക്ഷിക്കില്ലെന്നാണ് പുതിയ പഠനം പറയുന്നത്.

പൊണ്ണത്തടിയുള്ള അമ്മമാരുടെയും മെലിഞ്ഞ അമ്മമാരുടെയും ശരീരത്തിലെ പാലിലെ ഘടകങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

“അമ്മയ്ക്ക് പൊണ്ണത്തടി, പാലിന്റെ ഗുണം, കുട്ടിവളര്‍ന്നുവരുന്ന സാമൂഹ്യ സാമ്പത്തിക സ്ഥിതി എന്നിവ അനുസരിച്ച് മുലപ്പാലിന്റെ സ്വാധീനവും വ്യത്യാസപ്പെടും.” യു.എസിലെ സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്ററിലെ ജെസിക വൂവും ലിസ മാര്‍ട്ടിനും പറയുന്നു.

പൊണ്ണത്തടി ചികിത്സിച്ചു ഭേദമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ അതു വരാതെ തടയാനുള്ള മാര്‍ഗങ്ങളാണ് ഏറെ പ്രചരിപ്പിക്കപ്പെടുന്നത്. അതില്‍ മുന്‍പന്തിയിലുള്ള ഒന്നായിരുന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുകയെന്നത്. മുലപ്പാലില്‍ എല്ലാ പോഷകമൂല്യവും ഉള്ളതിനാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഏറെ നല്ലതാണിതെന്ന വാദമായിരുന്നു ഉയര്‍ന്നുകേട്ടിരുന്നത്.

എന്നാല്‍ മുലപ്പാലും പൊണ്ണത്തടിയുണ്ടാക്കിയേക്കാം എന്ന വിലയിരുത്തലിലാണ് ഗവേഷകര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ കൊണ്ടുനടത്തിയ 80ഓളം നിരീക്ഷണ പഠനങ്ങള്‍ക്കുശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്.

കറന്റ് ഒബിസിറ്റി റിപ്പോര്‍ട്ട്‌സ് എന്ന ജേണലില്‍ ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.