| Thursday, 21st June 2018, 1:05 pm

ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാം; മുലയൂട്ടുന്ന ചിത്രം അശ്ലീലമല്ലെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരീച്ച മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതി. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരാണ് മുഖചിത്രത്തിനെതിരേയുള്ള ഹര്‍ജി പരിഗണിച്ചത്.

ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി കവര്‍ ചിത്രത്തെ അനുകൂലിച്ചാണ് വിധി പുറപ്പെടുവിച്ചത്. സദാചാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരെയാണ് ചിത്രമെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുകയോ കുട്ടികളെ തെറ്റായ രീതിയില്‍ ചിത്രത്തിനായി ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.


Read Also :പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണം” യു.പിയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ മിശ്രവിവാഹിതരോട് ഓഫീസര്‍


“ഹര്‍ജിക്കാര്‍ ആരോപിക്കുന്ന ചിത്രത്തിലെ അശ്ലീലതയെ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചിട്ടും കാണാന്‍ സാധിച്ചില്ല. ആണുങ്ങള്‍ക്ക് ആക്ഷേപകരമായ ഒന്നും തന്നെ ഫോട്ടോയുടെ കാപ്ഷനിലും കണ്ടെത്തിയിട്ടില്ല. രാജാരവിവര്‍മ്മയുടെ ചിത്രങ്ങളെ നോക്കുന്ന അതേ കണ്ണ് കൊണ്ടാണ് ഈ ചിത്രത്തെ ഞങ്ങള്‍ നോക്കിയതും ചിത്രം തങ്ങള്‍ക്ക് അനുഭവപ്പെട്ടതും”, ജഡ്ജിമാര്‍ വിലയിരുത്തി. സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണെന്നും അതുപോലെ തന്നെയാണ് അശ്ലീലതയെന്നും കോടതി നിരീക്ഷിച്ചു.

പോക്സോ വകുപ്പിന്റെയും ബാലനീതി വകുപ്പിന്റെയും ലംഘനമാണ് മുഖചിത്രമെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.


ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more