സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ മരണങ്ങള്‍ സംഭവിക്കുന്നത് സ്തനാര്‍ബുദ ക്യാന്‍സര്‍ കാരണമാണെന്ന് പഠനം. പുരുഷന്മാരില്‍ വില്ലനാവുന്നത് ശ്വാസകോശ ക്യാന്‍സറാണ്.
ജമ ഓങ്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച “ദ ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ക്യാന്‍സര്‍ 2013” എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഇന്ത്യയില്‍ കരളിലെ ക്യാന്‍സര്‍ 88% ആയി വര്‍ധിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
നേരത്തെ സ്ത്രീകളിലെ ക്യാന്‍സര്‍ മരണങ്ങൡ കൂടുതലും ഗർഭാശയഗളാർബുദം കാരണമായിരുന്നു. 1990ല്‍ ഗർഭാശയഗളാർബുദം കാരണം ഇന്ത്യയില്‍ മരിച്ചത് 34,942 സ്ത്രീകളാണ്. 2013ല്‍ 40,985 സ്ത്രീകള്‍ ഗർഭാശയഗളാർബുദം കാരണം മരിച്ചു. എന്നാല്‍ 2013ല്‍ സ്തനാര്‍ബുദം കാരണം മരിച്ചത് 47,587 പേരാണ്.
ഈ കാലഘട്ടത്തില്‍ ഗർഭാശയഗളാർബുദം ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് (.2%) ആണ് രേഖപ്പെടുത്തിയത്. വിവാഹം വൈകുന്നതും അവന്ധ്യത നിരക്ക് കുറഞ്ഞതും മികച്ച ശുചിത്വവുമെല്ലാം ഗർഭാശയഗളാർബുദം പിടികൂടുന്നത് കുറയ്ക്കാന്‍ സഹായിച്ചു. അതേസമയം സ്തനാര്‍ബുദ കേസുകള്‍ 166% വര്‍ധിക്കുകയും ചെയ്തു.
1990ല്‍ ഇന്ത്യയില്‍ ഉദരാശയ ക്യാന്‍സര്‍ കാരണം 30,188 പേര്‍ മരിച്ചപ്പോള്‍ 2013ലെത്തുമ്പോഴേക്കും ശ്വാസകോശ ക്യാന്‍സറായി പ്രധാന വില്ലന്‍. പുരുഷന്മാരിലെ ഉദരാശയ ക്യാന്‍സര്‍ വളര്‍ച്ച വളരെ കുറഞ്ഞതായും കണ്ടെത്തി. എന്നാല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ 220% വര്‍ധിക്കുകയും ചെയ്തു.
വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.