| Monday, 15th June 2015, 2:02 pm

മൂത്രപരിശോധനയിലൂടെ സ്തനാര്‍ബുദത്തെ നേരത്തെ അറിയാം; പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂത്ര പരിശോധനയിലൂടെ സ്തനാര്‍ബുദത്തെ മുന്‍കൂട്ടി അറിയാനാകുമെന്ന് പുതിയ പഠനങ്ങള്‍. മൂത്ര സാമ്പിളുകളിലെ കോശ പരിണാമങ്ങളെ തിരിച്ചറിയുന്നതിലൂടെ സ്തനാര്‍ബുദത്തെ തിരിച്ചറിയാനാകുമെന്നാണ് ജര്‍മ്മനിയിലെ ഫ്രെയ്‌ബെര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്തനാര്‍ബുദ ചികിത്സാരംഗത്തെ ഒരു പുതിയ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലിനെ ആരോഗ്യ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

കോശ പരിണാമത്തെ നിയന്ത്രിക്കുന്ന തന്മാത്രകളുടെ കേന്ദ്രീകരണം കണ്ടെത്താനുള്ള ഒരു പുതിയ രീതി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. മൈക്രോ ആര്‍ എന്‍.എ എന്നാണ് ഈ തന്മാത്രകള്‍ അറിയപ്പെടുന്നത്. രക്തത്തിലൂടെയാണ് ഇവ മൂത്രത്തില്‍ കലരുന്നത്. മൂത്രത്തിലെ മൈക്രോ ആര്‍.എന്‍.എ പരിശോധിക്കുന്നതിലൂടെ ഒരാള്‍ക്ക് രോഗമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രജ്ഞര്‍ 91 ശതമാനവും വിജയം കൈവരിച്ചിട്ടുണ്ട്. നാല് മൈക്രോ ആര്‍.എന്‍എയുടെ പരിശോധനകളില്‍ മാത്രമെ ഈ സംവിധാനം സാധ്യമാവൂ.

ഈ സംവിധാനത്തിന്റെ ഫലപ്രാപ്തി കൂടുതല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഈ പുതിയ സംവിധാനം ചികിത്സയുടെ ഫലം നിരീക്ഷിക്കാനും സ്തനാര്‍ബുദം മുന്‍കൂട്ടി അറിയാനും സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ മാമ്മോഗ്രാഫി, അള്‍ട്രാ സൗണ്ട് ടെസ്റ്റ് എന്നീ സംവിധാനങ്ങളിലൂടെയാണ് സ്തനാര്‍ബുദ നിര്‍ണയം നടത്തുന്നത്.എന്നാല്‍ ഇത്തരം സംവിധാനങ്ങളിലൂടെയുണ്ടാകുന്ന റേഡിയേഷനും വിപരീത ഫലങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.

അതേസമയം മൂത്രത്തിലെ മൈക്രോ ആര്‍.എന്‍.എ പരിശോധനയിലൂടെ സ്തനാര്‍ബുദത്തെ കണ്ടെത്താനാകുമെന്നും. ഈ രീതി സ്ഥനാര്‍ബുദ പരിശോധനകള്‍ക്ക് ഉചിതമാണെന്നും ഗവേഷകരിലൊരാളായ ഡോ. എല്‍മര്‍ സ്റ്റിക്ലര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more