| Thursday, 11th June 2015, 12:39 pm

പുരുഷന്‍മാരിലെ സ്തനാര്‍ബുദം നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്തനകോശങ്ങളുടെ അമിത വളര്‍ച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാര്‍ബുദം. സ്ത്രീകളില്‍ ഇത് സാധാരണമായി കാണാറുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്കും സ്തനാര്‍ബുദം ഉണ്ടാകാറുണ്ട് എന്നുള്ളത് ഇന്നും പലര്‍ക്കും അറിയാത്ത കാര്യമാണ്. എങ്ങനെയാണ് സ്തനാര്‍ബുദം പുരുഷന്‍മാരെ ബാധിക്കുന്നതെന്നു കാണാം

പുരുഷനും സ്തനാര്‍ബുദ ഭീഷണിയിലാണ്. താരതമ്യേന പുരുഷന്‍മാര്‍ക്ക് സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറവാണ്. എന്നാല്‍ നിങ്ങളുടെ സ്തനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും നിങ്ങള്‍ ഡോക്ടറെ സമീപിക്കണം. എന്നിരുന്നാലും പുരുഷന്‍മാര്‍ക്കിടയില്‍ വളരെ വിരളമായി കാണുന്ന രോഗമാണ് സ്തനാര്‍ബുദം. സ്ത്രീകളിലെ സ്തനാര്‍ബുദത്തിന് സമാനമായി പ്രായത്തിനനുസരിച്ചാണ് പുരുഷന്‍മാരിലും സ്ഥനാര്‍ബുദം ഉണ്ടാകുന്നത്.

പുരുഷ സ്ഥനാര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങള്‍

ബി.ആര്‍.സി.എ ജീനിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ലിന്‍ഫെല്‍റ്റര്‍ സിന്‍ഡ്രോം, വൃഷണ സംബന്ധിയായ പ്രശ്‌നങ്ങള്‍,  കുടുംബത്തിലെ സ്തനാര്‍ബുദ ചരിത്രം, അമിത മദ്യപാനത്തിലൂടേയും പുകവലിയിലൂടേയും ശരീരിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയുടേയും ഫലമായുണ്ടാകുന്ന ഉയര്‍ന്ന ഈസ്ട്രജന്‍ അളവ്. എന്നിവയാണ് പുരുഷ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍.

പ്രവര്‍ത്തന രഹിതമായ ചെറിയ സ്തന കോശങ്ങളാണ് പുരുഷന്‍മാര്‍ക്കുള്ളത്( പാല്‍ ഉല്‍പാദിപ്പിക്കാത്ത). സ്ത്രീകളിലേതു പോലെ പുരുഷന്‍മാരിലും സ്തന കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ് അര്‍ബുദത്തിലേക്ക് നയിക്കുന്നത്.

പുരുഷ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

സ്തനങ്ങളിലുണ്ടാകുന്ന ട്യൂമര്‍ ചെറുതായിരിക്കുന്ന സമയത്തും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനാവില്ല. ഈ സമയത്ത് ഇത് ചികിത്സിച്ച് ഭേദമാക്കുക എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ അത് തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.  സ്തനാഗ്രത്തിനു താഴെ വേദനയില്ലാത്ത വിധത്തില്‍ ചെറിയ വീക്കം കാണപ്പെടുന്നതാണ് പുരുഷന്‍മാരില്‍ പൊതുവില്‍ കാണുന്ന സ്തനാര്‍ബുദ ലക്ഷണം. മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ഞെട്ടിന്റെ ഭാഗത്തെ ചര്‍മ്മത്തിന് ഇതോടെ മാറ്റങ്ങള്‍ സംഭവിക്കും. അതായത് സ്തന ചര്‍മ്മത്തില്‍ വ്രണം, ചുളിവ്, ചുവപ്പ്, തുടങ്ങിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഞെട്ടില്‍ നിന്നും രക്തം വരികയും ചെയ്‌തേക്കാം.

പുരുഷ സ്തനാര്‍ബുദം എങ്ങനെ തിരിച്ചറിയാനുള്ള വഴികള്‍

ഏതൊരു പുരുഷനും സ്തനാര്‍ബുദം വന്നേക്കാം. ബയോപ്‌സി ടെസ്റ്റ് വഴി സ്തനാര്‍ബുദ കോശങ്ങളെ തിരിച്ചറിയാം.

ബ്രെസ്റ്റ് സെല്‍ഫ് എക്‌സാം

നിപ്പിള്‍ ഡിസ്ച്ചാര്‍ജ്ജ് എക്‌സാമിനേഷന്‍

മാമ്മോഗ്രാം

അള്‍ട്രാ സൗണ്ട് തുടങ്ങിയവയും ഇതിനുള്ള മാര്‍ഗ്ഗങ്ങളാണ്

ചികിത്സകള്‍

രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ നിശ്ചയിക്കപ്പെടുന്നത്. അര്‍ബുദം തിരിച്ചറിയുന്ന പുരുഷന്‍മാരിലധികവും ശസ്ത്രക്രിയക്ക് വിധേയരാകാറാണ് പതിവ്.

മറ്റു ചികിത്സാ മാര്‍ഗ്ഗങ്ങള്‍

റേഡിയേഷന്‍ തെറാപ്പി: സ്തനങ്ങളിലും കക്ഷങ്ങളിലും നെഞ്ചിലുമെല്ലാം ശേഷിക്കുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. അല്ലെങ്കില്‍ ശസ്ത്രക്രിയക്ക് മുമ്പ് മുഴയുടെ വലിപ്പം കുറയ്ക്കാനും ഇത് ഉപയോഗിക്കാം.

സിസ്റ്റമിക് തെറാപ്പി: ഇതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ നേരിട്ട് ഞരമ്പുകളില്‍ കുത്തിവെക്കുകയോ കഴിപ്പിക്കുകയോ ചെയ്യും. ബയോളജിക് തെറാപ്പി, കീമോ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു

We use cookies to give you the best possible experience. Learn more