Breaking News: രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് വി.കെ ശശികല; അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍ ബി.ജെ.പി ?
India
Breaking News: രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് വി.കെ ശശികല; അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍ ബി.ജെ.പി ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 10:16 pm

ചെന്നൈ: സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് വി.കെ ശശികല. ജയലളിത ജീവിച്ചിരുന്നപ്പോഴും താന്‍ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും അവരുടെ മരണശേഷവും അതിന് താല്‍പര്യമില്ലെന്നും ശശികല പ്രഖ്യാപിക്കുകയായിരുന്നു.

ഡി.എം.കെയ്‌ക്കെതിരെ വിജയിക്കാനും അമ്മയ്ക്ക് (ജയലളിത) വേണ്ടി സര്‍ക്കാര്‍ സ്ഥാപിക്കാനും ശശികല കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

‘എനിക്ക് ഒരിക്കലും ഒരു പദവിയോ അധികാരമോ ആവശ്യമില്ല. തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവളാണ്. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, ഒരു നല്ല ഭരണം സ്ഥാപിക്കണമെന്ന് ഞാന്‍ എന്റെ സഹോദരിയോടും (അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോടും) ദൈവത്തോടും പ്രാര്‍ത്ഥിക്കുന്നു അമ്മയുടെ യഥാര്‍ത്ഥ അനുയായികള്‍ ‘ദുഷ്ട’ ഡി.എം.കെയെതിരെ പോരാടാനും അമ്മയുടെ സര്‍ക്കാര്‍ സ്ഥാപിക്കാനും ശ്രമിക്കണം, ‘ എന്നാണ് കത്തില്‍ പറയുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായിരുന്ന ശശികല ആഴ്ചകള്‍ക്ക് മുമ്പാണ് ജയില്‍ മോചിതയായത്.  നേരത്തെ രാഷ്ട്രീയസമവാക്യങ്ങള്‍ തമിഴ്നാട്ടില്‍ മാറുമെന്നും ശശികലയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ തമിഴ്നാട്ടില്‍ വി.കെ ശശികലയെ കൂടെ നിര്‍ത്തണമെന്ന് ബി.ജെ.പി അണ്ണാ ഡി.എം.കെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അണ്ണാ ഡി.എം.കെ തയ്യാറായിരുന്നില്ല.

ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയെ കൂടെ കൂട്ടണമെന്നായിരുന്നു ബി.ജെ.പി എ.ഐ.എ.ഡി.എം.കെയോട് ആവശ്യപ്പെട്ടത്.എ.എം.എം.കെയുടെ സാന്നിധ്യത്തിലൂടെ മാത്രമാണ് തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു ബി.ജെ.പി വിലയിരുത്തിയത്.

എന്നാല്‍ ദിനകരന്റെ പാര്‍ട്ടിയുമായോ ശശികലയുമായോ ഒരു തരത്തിലുള്ള നീക്കുപോക്കിനും സാധിക്കില്ലെന്നാണ് എ.ഐ.എ.ഡി.എം.കെയും നിലപാട്.ഇതിനിടെ ശശികലയെ ബി.ജെ.പിയുടെ കൂടെ കൂട്ടണമെന്ന നിലപാടുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്ത് വന്നിരുന്നു.

ഇതിനിടെ ശശികലയുമായി ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയം വിടുകയാണെന്ന് ശശികല പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Breaking News: VK Sasikala says She is quitting politics; BJP behind unexpected move?