പഞ്ചാബില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ഹര്‍ഭജന്‍ സിംഗ്; റിപ്പോര്‍ട്ട്
national news
പഞ്ചാബില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ഹര്‍ഭജന്‍ സിംഗ്; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th March 2022, 3:19 pm

ന്യൂദല്‍ഹി: ഈ വര്‍ഷം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ.എ.പി സര്‍ക്കാര്‍ ഹര്‍ഭജന്‍ സിംഗിന് കായിക സര്‍വകലാശാലയുടെ ചുമതല നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വാഗ്ദാനം ചെയ്തിരുന്നു.

പഞ്ചാബില്‍ ആം ആദ്മി വിജയിച്ചതിന് പിന്നാലെ അഭിനന്ദനവുമായി ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരുന്നു. നേരത്തെ ഹര്‍ഭജന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ചര്‍ച്ചകളുണ്ടായിരുന്നു.

ഫെബ്രുവരിയില്‍ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹര്‍ഭജന്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ പരന്നത്. ഹര്‍ഭജനും യുവരാജ് സിങും ബി.ജെ.പിയില്‍ എത്തുമെന്ന് ഒരു നേതാവ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ സിംഗ് തന്നെ ഇക്കാര്യം നിഷേധിച്ചു.

കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതോടെ ഹര്‍ഭജന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തയും വന്നിരുന്നു.

 

Content Hilights: BREAKING: Harbhajan Singh to be AAP’s Punjab Candidate For Rajya Sabha Polls, Say Reports