ന്യൂദല്‍ഹി: ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയെ എതിര്‍ത്ത് ജസ്റ്റിസ് ചന്ദ്രചൂഢ്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരണയാലുള്ളതാണെന്നും തന്റെ വിധി ന്യായത്തില്‍ അദ്ദേഹം തുറന്നടിച്ചു.
ഈ വിഷയത്തില്‍ മഹാരാഷ്ട്ര പൊലീസ് മുന്‍ വിധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വാര്‍ത്താസമ്മേളനം നടത്തിയ പൂനെ പൊലീസ് നടപടിയേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിടുകയാണ് ആരോപണവിധേയരായ ഇവര്‍ എന്നാണ് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞത്. അറസ്റ്റു ചെയ്യപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പ് സുധ ഭരദ്വാജിനെതിരെ പൊലീസ് ഉയര്‍ത്തിക്കാട്ടിയ കത്ത് റിപ്പബ്ലിക് ടി.വി സംപ്രേഷണം ചെയ്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണ വിധേയര്‍ക്കെതിരെ ഉയര്‍ത്തിയ ആ കത്തിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മഹാരാഷ്ട്ര പൊലീസ് കുറ്റമറ്റ അന്വേഷണം നടത്തുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവും കോടതി തള്ളുന്നതായിരുന്നു ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ ഭൂരിപക്ഷ വിധി. എതിരഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിലാണ് അറസ്റ്റെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തിരുന്നു. ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാലാഴ്ച കൂടി കോടതി നീട്ടുകയും ചെയ്തിട്ടുണ്ട്.
ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ഇടപെടലുണ്ടെന്ന് ആരോപിച്ച് ആഗസ്റ്റ് 28നാണ് അഞ്ച് ആക്ടിവിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റു ചെയ്തത്.
Also Read:തിയ്യതി പ്രഖ്യാപിച്ച് ഉടന്‍ ശബരിമലയില്‍ കയറും: തൃപ്തി ദേശായി
2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൂനെ പൊലീസിന്റെ നടപടി.
പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നായിരുന്നു പൊലീസ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നായിരുന്നു പൊലീസ് അവകാശവാദം.
ജൂണ്‍ ആറിന് പൂനെ പൊലീസ് ആക്ടവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍ അഭിഭാഷകരായ സുരേന്ദ്ര ഗാഡ്ലിങ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ ഷോമ സെന്‍, പ്രധാനമന്ത്രിയുടെ ഗ്രാമ വികസന ഫെലോയായിരുന്ന മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
പിറ്റേദിവസം ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് “ഗ്രാമീണ മേഖലയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍” നിന്നും പിടിച്ചെടുത്ത വിവരങ്ങള്‍ അനുസരിച്ച് രാജീവ് ഗാന്ധിയെപ്പോലെ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടെന്ന് അവകാശപ്പെട്ടിരുന്നു. ഈ അഞ്ചുപേര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കുകയും ഇവരെ പൂനെയിലെ യെര്‍വാദ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.