മോദിയുമായി പിരിയുന്നു, അദ്ദേഹത്തോടുണ്ടായിരുന്ന ചെറിയ ബഹുമാനവും നഷ്ടപ്പെട്ടു: രാം ജെത്മലാനി
Daily News
മോദിയുമായി പിരിയുന്നു, അദ്ദേഹത്തോടുണ്ടായിരുന്ന ചെറിയ ബഹുമാനവും നഷ്ടപ്പെട്ടു: രാം ജെത്മലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th June 2015, 1:00 am

ram-jetmalani-01ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പിരിയുന്നതായി പ്രശസ്ത അഭിഭാഷകനും മുന്‍ ബി.ജെ.പി എം.പിയുമായ രാം ജെത്മലാനി. മോദി പ്രധാനമന്ത്രിയാകുന്നതിനെ ശക്തമായി പിന്തുണച്ചയാളായിരുന്നു ജെത്മലാനി. മുന്‍ സി.ബി.ഡി.റ്റി ചെയര്‍മാന്‍ കെ.വി ചൗദരിയെ ചീഫ് വിജിലന്‍സ് കമ്മീഷ്ണറായി നിയമിക്കുന്നതിനെതിരെയായിരുന്നു അദ്ദേഹം രംഗത്ത് വന്നിരുന്നത്.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തന്റെ നിയമനം റദ്ദ് ചെയ്തതിന് ശേഷം, ഇപ്പോള്‍ സുപ്രീം കോടതിയില്‍ അതിന് വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇനി നമുക്ക് സുപ്രീം കോടതിയില്‍ നിന്ന് യുദ്ധം ചെയ്യാം. ഇന്ത്യയിലെ ജനങ്ങളുടെ കോടതിയില്‍.  നിങ്ങളോടുള്ള എന്റെ ചെറിയ ബഹുമാനവും ഇന്ന് നഷ്ടപ്പെട്ടു.” ജെത്മലാനി മോദിക്ക് എഴുതിയ കത്തില്‍ പറയുന്നു.

ട്വിറ്ററിലാണ് ജെത്മലാനി കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള എന്റെ വേര്‍പിരിയല്‍” എന്ന പേരിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൗദരിയെ അടുത്ത ചീഫ് വിജിലന്‍സ് കമ്മീഷണറാക്കി നിയമിച്ചതില്‍ അദ്ദേഹത്തിനുള്ള ശക്തമായ എതിര്‍പ്പും അദ്ദേഹം അറിയിച്ചു.