| Saturday, 18th March 2023, 11:39 am

അച്ചടക്ക ലംഘനം; കെ.എസ്. ഹംസയെ കൈവിട്ട് ലീഗ്; ആര് നയിക്കുമെന്ന് ഇന്നറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.എസ്. ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പുറത്താക്കല്‍.

പാര്‍ട്ടി അച്ചടക്ക സമിതിയുടെ ശുപാര്‍ശയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നടപടി സ്വീകരിച്ചത്.

അതേസമയം ശനിയാഴ്ച പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ലീഗ് കൗണ്‍സില്‍ ചേരുന്നുണ്ട്.

സംസ്ഥാന കൗണ്‍സില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് കെ.എസ്. ഹംസ കോടതിയെ സമീപിച്ചതാണ് പുറത്താക്കല്‍ നടപടിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ ചേരുന്നുവെന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പരാതി.

ഇതിന് മുന്നേ സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രവര്‍ത്തക സമിതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് കെ.എസ് ഹംസയെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു.

ഇ.ഡിയെ ഭയന്ന് മോദിയെയും വിജിലന്‍സിനെ ഭയന്ന് പിണറായി വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടി എന്നാണ് അദ്ദേഹം അന്ന് നടത്തിയ ആരോപണം.

അതേസമയം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനിരിക്കെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലാ ഭാരവാഹികളില്‍ കൂടുതല്‍ പേരും എം.കെ. മുനീറിനെ പിന്തുണച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. കണ്ണൂരൊഴികെ ലീഗിന് സ്വാധീനമുള്ള പ്രധാന ജില്ലാ ഭാരവാഹികള്‍ മുനീറിനെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഈ നീക്കത്തോട് യോജിപ്പില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പിനുള്ള പ്രതിസന്ധി തുടരുകയാണ്. നിലവിലെ ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ താല്‍പര്യം.

content highlight: Breach of discipline;  League abandons Hamza; Today we know who will lead

We use cookies to give you the best possible experience. Learn more