ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ നേരിടുന്നത്.
ലോക ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗവും ഇരു ചേരികളായി തിരിഞ്ഞ് രണ്ടിലൊരു ടീമിന് പിന്തുണ നൽകുകയാണ്.
എന്നാൽ അർജന്റീനയുടെ അയൽക്കാരും ഫുട്ബോളിൽ അവരുടെ ചിരവൈരികളുമായ ബ്രസീലിൽ ഫൈനൽ മത്സരത്തിന് അർജന്റീനയെ പിന്തുണക്കുന്നവരുടെ എണ്ണം വർധിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡാറ്റ അനാലിസിസ് നടത്തിയ സർവേയിൽ 33 ശതമാനം ബ്രസീലുകാരും ലോകകപ്പിൽ അർജന്റീന ജയിച്ചു കാണാൻ ആഗ്രഹിക്കുന്നവരാണ്.
സമീപകാലത്ത് ഏതെങ്കിലുമൊരു മത്സരത്തിനായി അർജന്റീനയെ പിന്തുണയ്ക്കുന്ന ബ്രസീലുകാരുടെ ഏറ്റവും വലിയ എണ്ണമാണിത്. അറുപത് ശതമാനം ബ്രസീലുകാർ മാത്രമേ തങ്ങളുടെ ചിരവൈരികളുടെ തോൽവി ആഗ്രഹിക്കുന്നുള്ളൂ.
ലോകകപ്പ് ഇത്തവണ തങ്ങളുടെ ഭൂഖണ്ഡമായ ദക്ഷിണഅമേരിക്കയിലേക്ക് എത്താനുള്ള ആഗ്രഹത്താലാണ് ഇത്രയേറെ ബ്രസീലുകാർ അർജന്റീനയുടെ വിജയം ആഗ്രഹിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂടാതെ ലോകകപ്പ് ഫൈനൽ മത്സരങ്ങളിൽ ബ്രസീലിനെ പ്രതീക്ഷിച്ച് ടിക്കറ്റ് എടുത്ത ബ്രസീലുകാരിൽ ചിലർ ഇപ്പോൾ അർജന്റീനയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
അതിലൊരാളായ ജോസ് അർണാൾഡോ ഡോസ് സാന്റോസിന്റെ അഭിപ്രായം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക.
“ഒരു ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ അർജന്റീന ലോകകപ്പ് ജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ ബ്രസീൽ സ്വദേശിയായ സാന്റോസ് പറഞ്ഞു. കൂടാതെ സാവോ പോളോയിൽ ബ്രസീലുകാർ ഒരു മടിയും കൂടാതെ അർജന്റീനയുടെ ജേഴ്‌സി ധരിച്ച് നടക്കുന്നെന്ന വാർത്തയും മാർക്ക റിപ്പോർട്ട് ചെയ്തു.
ലാറ്റിനമേരിക്കൻ രാജ്യം എന്നത് കൂടാതെ മെസിയോടുള്ള ഇഷ്ടം മൂലവും ബ്രസീലുകാർ അർജന്റീനയെ പിന്തുണയ്ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
“ബ്രസീലിന്റെ പുറത്താകലിന് ശേഷം ഞാൻ പിന്തുണക്കുന്നത് അർജന്റീനയെയാണ്. അതിന് കാരണം മെസിയാണ്. മെസി ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഫുട്ബോളറാണ്. അദേഹത്തിന്റെ കഴിവ് വെച്ച് ഒരു ലോകകിരീടം മെസി അർഹിക്കുന്നു,’ 49 കാരനായ ബ്രസീലിയൻ സ്വദേശി അലക്സാന്ദ്ര കാൽദാസ് പറഞ്ഞു.
ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും, ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.
Content Highlights: Brazilians support Argentina Survey report is out