ബ്രസീലുകാര്‍ പറയുന്നു മെസിയാണ് നെയ്മറേക്കാളും റോണാള്‍ഡോയേക്കാളും ലോകത്തെ മികച്ച താരം; സര്‍വേ റിപ്പോര്‍ട്ട്
football news
ബ്രസീലുകാര്‍ പറയുന്നു മെസിയാണ് നെയ്മറേക്കാളും റോണാള്‍ഡോയേക്കാളും ലോകത്തെ മികച്ച താരം; സര്‍വേ റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th April 2023, 5:04 pm

അര്‍ജന്റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ചിരവൈരികളാണ് അയല്‍ക്കാരായ ബ്രസീല്‍. കേരളത്തിലടക്കം ഇരു ടീമുകളുടേയും ആരാധകര്‍ പരസ്പരം വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ബ്രസീലുകാര്‍ പറയുന്നത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ലോകത്തിലെ മികച്ച കളിക്കാരനെന്ന്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നെയ്മര്‍ ജൂനിയറിനുമടക്കം വോട്ട് ചെയ്യാന്‍ ഓപ്ഷനുണ്ടായിരുന്ന സര്‍വേയിലാണ് ബ്രസീലുകാര്‍ മെസിക്ക് വോട്ട് ചെയ്തത്. ലോകത്തെ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്ന CNN/ Itatiaia/ Quaest സര്‍വേയിലാണ് ഭൂരിഭാഗം ബ്രസീലിയന്‍ ആരാധകരും മെസിയെ പിന്തുണച്ചത്.

മെസിക്ക് 40 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ റൊണാള്‍ഡോക്കും നെയ്മറിനും 14 ശതമാനം വീതം വോട്ടുകള്‍ ലഭിച്ചു. ആറ് ശതമാനം വോട്ട് മാത്രമാണ് എംബാപ്പെക്ക് ലഭിച്ചത്. മൂവര്‍ക്കും പുറമേ, കിലിയന്‍യന്‍ എംബാപ്പെ, എര്‍ലിങ് ഹാലന്‍ഡ്, വിനീഷ്യസ് ജൂനിയര്‍ എന്നിവരും വോട്ടുചെയ്യാനുള്ള ഓപ്ഷനായിരുന്നു. വിനീഷ്യസിനും ഹാലാന്‍ഡിനും യഥാക്രമം നാലും രണ്ടും ശതമാനം വോട്ടുകള്‍ ലഭിച്ചു.

44 ശതമാനം പുരുഷ വോട്ടര്‍മാര്‍ ലയണല്‍ മെസിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തപ്പോള്‍, 36 ശതമാനം സ്ത്രീകളാണ് മെസിക്ക് വോട്ട് ചെയ്തത്. 16നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 39 ശതമാനവും മെസിക്കും 18 ശതമാനവും
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും വോട്ട് ചെയ്തു.

31 നും 50 നും ഇടയില്‍ പ്രായമുള്ളവരില്‍ 44 ശതമാനം വോട്ടര്‍മാര്‍ മെസിയെ തെരഞ്ഞെടുത്തപ്പോള്‍ 13 ശതമാനം പേര്‍ റൊണാള്‍ഡോക്ക് വോട്ട് ചെയ്തു. 51 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാരില്‍ 35 ശതമാനം പേര്‍ മെസിയെ വോട്ട് ചെയ്തപ്പോള്‍ റോണാള്‍ഡോയ്ക്ക് 12 ശതമാനം വോട്ടുകള്‍ ലഭിച്ചു.

അതേസമയം, ലോകകപ്പ് കിരീട നേട്ടത്തിലൂടെ ഒരു ഫുട്‌ബോളര്‍ക്ക് നേടാനുള്ളതെല്ലാം സ്വന്തമാക്കി സമ്പൂര്‍ണനായിരിക്കുകയാണ് ലയണല്‍ മെസി. തന്റെ 35ാം വയിസില്‍, ഈ സീസണില്‍ മികച്ച പ്രകടനമാണ് പി.എസ്.ജിക്ക് വേണ്ടിയും അര്‍ജന്റൈന്‍ ദേശീയ ടീമിനും വേണ്ടി താരം കാഴ്ചവെക്കുന്നത്.