| Monday, 6th March 2023, 11:45 pm

ശസ്ത്രക്രിയ, മൂന്ന്- നാല് മാസം പി.എസ്.ജി സൂപ്പര്‍ താരത്തിന് കളിക്കാനാകില്ല; ശക്തമായി തിരികെയെത്തുമെന്ന് പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന പി.എസ്.ജിയിടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് മൂന്ന് മുതല്‍ നാല് മാസം വരെ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.

നെയ്മര്‍ വരും ദിവസങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് പി.എസ്.ജി സ്ഥിരീകരിച്ചതായി ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ദോഹയിലാണ് നെയ്മര്‍ ശസ്ത്രക്രിയ നടത്തുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മുതല്‍ നാല് മാസം വരെ കളിക്കാന്‍ കഴിയാതെയായതോടെ ഈ സീസണില്‍ ബാക്കിയുള്ള മത്സരങ്ങളെല്ലാം നെയ്മറിന് നഷ്ടമാകും.

അതേസമയം, തന്റെ ശസ്ത്രിക്രിയ സംബന്ധിച്ച വാര്‍ത്തക്ക് പിന്നാലെ നെയ്മറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ‘ഞാന്‍ ശക്തമായി തിരിച്ചുവരും(I’ll come back stronger),’ എന്നാണ് ഇതുസംബന്ധിച്ച് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ താരം എഴുതിയത്.

വീല്‍ ചെയറിന്റെ സഹായത്തോടെ നില്‍ക്കുന്ന നെയ്മറിന്റെ ചിത്രം പി.എസ്.ജി തന്നെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ഇതിനിടയിലാണ് ശസ്ത്രക്രിയയുടെ വാര്‍ത്ത പുറത്തുവരുന്നത്.

ലീഗ് വണ്ണില്‍ കഴിഞ്ഞ മാസം ലോസ്‌ക ലില്ലിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റിരുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലോസ്‌ക ലില്ലിയുടെ താരവുമായി കൂട്ടിയിടിച്ചാണ് പരിക്ക് പറ്റിയത്. ഉടന്‍ താരം ഗ്രൗണ്ട് വിടുകയും ചെയ്യുകയായിരുന്നു.

സമീപകാലത്ത് പരിക്ക് വലിയ തോതില്‍ നെയ്മറിനെ വേട്ടയാടുന്നുണ്ട്. ഖത്തര്‍ ലോകകപ്പില്‍ കണംകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു.


Content Highlight: Brazilian superstar Neymar Jr. will be sidelined for three to four months with PSG on rest following an injury

We use cookies to give you the best possible experience. Learn more