| Friday, 7th September 2018, 11:10 am

തീവ്ര വലതുപക്ഷക്കാരനായ ബ്രസീലിയിന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ ഡി ജനീറോ: തീവ്ര വലതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെയിര്‍ ബോല്‍സോനാറോയ്ക്ക് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ കുത്തേറ്റു. റിയോ ഡീ ജനീറോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ജ്യൂയിസ് ഡി ഫോറയിലായിരുന്നു സംഭവം.

63 കാരനായ ബോല്‍സോനാറോയുടെ വയറ്റിലാണ് കുത്തേറ്റതെന്ന് ബ്രസീലിയന്‍ പൊലീസ് പറഞ്ഞു. കുത്തിയയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ജ്യൂയിസ് ഡി ഫോറയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായതായി ബ്രസീലിയന്‍ ടെലിവിഷന്‍ ന്യൂസ് ചാനലായ ഗ്ലോബോന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കരളിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Must read: മോഹന്‍ലാലിനെ കാണാന്‍ സമയമുണ്ട്; കേരളത്തിലെ എം.പിമാര്‍ മോദിയെ കാണാന്‍ പത്തുദിവസമായി അനുവാദം ചോദിക്കുന്നു; പ്രതിഷേധവുമായി പി. കരുണാകരന്‍

അടുത്തമാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മുന്നേറ്റം കാഴ്ചവെച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ബൊല്‍സോനാറോ. 22% പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപ്പീനിയന്‍ ആന്റ് സ്റ്റാറ്റിറ്റിക്‌സ് പ്രസിദ്ധീകരിച്ച പോളില്‍ പറയുന്നു.

തീവ്രവലതു ചിന്താഗതിക്കാരനായ അദ്ദേഹത്തിന്റെ പല നിലപാടുകളും ഇതിനകം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീ ഗര്‍ഭിണിയാവുമെന്നതിനാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളം നല്‍കാനാവില്ലെന്ന 2015ലെ അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more