|

സംസാരിക്കാന്‍ എത്തുന്നവരോട് ആദ്യം ചോദിക്കുന്നത് ആര്‍.ആര്‍.ആര്‍. കണ്ടിട്ടുണ്ടോ എന്നാണ്?; പ്രശംസയുമായി ബ്രസീല്‍ പ്രസിഡന്റ് ലുല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജമൗലി ചിത്രം ആര്‍.ആര്‍.ആറിനെ പ്രശംസിച്ച് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. സംസാരിക്കാന്‍ എത്തുന്ന പലരോടും താന്‍ ആദ്യം ചോദിക്കുന്നത്, ആര്‍.ആര്‍.ആര്‍. കണ്ടിട്ടുണ്ടോ എന്നാണെന്നും ചിത്രം തന്നെ അത്രയേറെ ആകര്‍ഷിച്ചെന്നും ലുല പറഞ്ഞു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ ലുല മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ആര്‍.ആര്‍.ആറിനെ പ്രശംസിച്ചത്.

‘ആര്‍.ആര്‍.ആര്‍. അത് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഫീച്ചര്‍ ഫിലിമാണ്. അതില്‍ നല്ല തമാശകളുണ്ട്, മനോഹരമായ ഡാന്‍സുണ്ട്, ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും മേല്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് ഭരണത്തെ ചിത്രം ആഴത്തില്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്.

സിനിമ ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റര്‍ ആകണമെന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. അതിനാല്‍ എന്നോട് സംസാരിക്കാന്‍ എത്തുന്ന പലരോടും ഞാന്‍ ആദ്യം ചോദിക്കുന്നത്, ആര്‍.ആര്‍.ആര്‍. കണ്ടിട്ടുണ്ടോ എന്നാണ്? ചിത്രത്തിലെ ഡാന്‍സും, രാഷ്ട്രീയവും എല്ലാം ഞാന്‍ ആസ്വദിച്ചു. സിനിമയുടെ സംവിധായകനെയും കലാകാരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു, കാരണം ഈ ചിത്രം എന്നെ ഏറെ ആകര്‍ഷിച്ചു,’ ലുല പറഞ്ഞു.

ലുലയുടെ പ്രശംസക്ക് മറുപടിയുമായി സംവിധായകന്‍ രാജമൗലിയും രംഗത്തെത്തി. ലുലയുടെ വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിച്ചു എന്നാണ് രാജമൗലി പറഞ്ഞത്. ‘താങ്കളുടെ വാക്കുകള്‍ക്ക് നന്ദി. ഇന്ത്യന്‍ സിനിമയെ പറ്റി പരാമര്‍ശിച്ചതിനും ആര്‍.ആര്‍.ആര്‍ ആസ്വദിച്ചു എന്നറിഞ്ഞതും ഹൃദയത്തില്‍ സ്പര്‍ശിച്ചു. ഞങ്ങളുടെ മുഴുവന്‍ ടീമിനും അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ രാജ്യത്ത് നിങ്ങള്‍ക്ക് എല്ലാം സുഖകരമായിരിക്കട്ടെ എന്നാശംസിക്കുന്നു,’ രാജമൗലി എക്‌സില്‍ കുറിച്ചു.

Content Highlight: Brazilian President Luiz Inacio Lula da Silva praised R.R.R.