ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇതിഫാഖിന്റെ ബ്രസീലിയന്‍ താരം പൗലോ വിക്ടര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് അല്‍ നസറിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ജനുവരി 22നാണ് ക്ലബ്ബിനായി ആദ്യ മത്സരം കളിച്ചത്.
ഇതിഫാഖിനെതിരെ നടന്ന മത്സരത്തില്‍ റോണോക്ക് ഗോള്‍ നേടാനായില്ലെങ്കിലും എതിരില്ലാത്ത ഒരു ഗോളിന് ജയം നേടിയ ടീം അല്‍ നസറിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിക്ടര്‍ റൊണാള്‍ഡോയെ പ്രശംസിച്ചത്. മത്സരത്തില്‍ ജയിക്കാനായില്ലെങ്കിലും റൊണാള്‍ഡോക്കെതിരെ കളിക്കാന്‍ കഴിഞ്ഞതോര്‍ത്ത് ഇതിഫാഖിലെ ഓരോ താരത്തിനും തലയുയര്‍ത്തി മടങ്ങാമെന്ന് വിക്ടര്‍ പറഞ്ഞു.
‘എന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. റോണോയുടെ സൗദിയിലേക്കുള്ള പ്രവേശനം വലിയ കാര്യമാണ്. മത്സരത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ച റിസള്‍ട്ട് കിട്ടിയില്ല. പക്ഷെ അദ്ദേഹത്തിനെതിരെ കളിച്ചതിന് ശേഷം ഞങ്ങള്‍ മടങ്ങുന്നത് തല ഉയര്‍ത്തിപ്പിടിച്ചാണ്,’ വിക്ടര്‍ പറഞ്ഞു.
Paulo Victor (Al-Ettifaq goalkeeper):
Cristiano Ronaldo?
“I will have the privilege of playing against the best in the world, and it will be a tough match.” pic.twitter.com/sTrOrYW3Eu
— The CR7 Timeline. (@TimelineCR7) January 21, 2023
അല്‍ ഇതിഫാഖിനെതിരെ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കിനായി നടത്തിയ ശ്രമം വലിയ കയ്യടി നേടിയിരുന്നു. 38ാം വയസിലും താരം മികച്ച ഫോം പുറത്തെടുക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.
റൊണാള്‍ഡോയുടെ ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന സ്‌കില്ലുകളും ഡ്രിബ്ലിങ്ങും മത്സരത്തിലുടനീളം കാണാന്‍ സാധിച്ചുവെന്നും ആരാധകര്‍ പറഞ്ഞു.
റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി കളിച്ച മത്സരത്തിലും മികച്ച പ്രകടനമായിരുന്നു റൊണാള്‍ഡോ കാഴ്ച വെച്ചത്. മെസി, നെയ്മര്‍, എംബാപ്പെ സൂപ്പര്‍ ത്രയങ്ങള്‍ അടങ്ങിയ പി.എസ്.ജി ആയിരുന്നു എതിരാളികള്‍. നാലിനെതിരെ അഞ്ച് ഗോള്‍ നേടി പി.എസ്.ജി ജയിച്ച മത്സരത്തില്‍ റിയാദിനായി രണ്ട് ഗോള്‍ നേടാന്‍ റോണോക്ക് കഴിഞ്ഞിരുന്നു.
ജനുവരി 26ന് അല്‍ ഇത്തിഹാദിന് എതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlights: Brazilian player Paulo Victor praises Cristiano Ronaldo