| Wednesday, 14th December 2022, 3:13 am

മെസിക്ക് ബ്രസീല്‍ ഇതിഹാസത്തിന്റെ അഭിവാദനങ്ങള്‍; വി.ഐ.പി സീറ്റില്‍ താരമായി ഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിലെ ഒന്നാം സെമി ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ലയണല്‍ മെസിയുടെ അര്‍ജന്റീന. ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആധികാരികമായി തന്നെയാണ് അര്‍ന്റീനയുടെ ഫൈനല്‍ പ്രവേശനം.

സെമിയില്‍ വലിയ ആത്മവിശ്വാസത്തോടെ അര്‍ജന്റീന മുന്നേറിയപ്പോള്‍ മെസിപ്പടക്ക്
പിന്തുണയുമായി ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ സ്റ്റേഡിയത്തിലെ
വി.ഐ.പി സീറ്റിലുണ്ടായത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൗതുകമുള്ള കാഴ്ചയായി.

മെസിയിലൂടെ പെനാള്‍ട്ടിയില്‍ അര്‍ജന്റീന ഗോള്‍ നേടിയപ്പോള്‍ ലൈവ് ടെലിക്കാസ്റ്റില്‍ കയ്യടിച്ച് അഭിനന്ദിക്കുന്ന റൊണാള്‍ഡീഞ്ഞോയുടെ ചിത്രം തെളിഞ്ഞിരുന്നു. മത്സരം വിജയിച്ചപ്പോഴും അര്‍ജന്റീനക്ക് കൈ ഉയര്‍ത്തിക്കാട്ടി ഞ്ഞോ അഭിവാദ്യമര്‍പ്പിച്ചു.

മെസി ബാഴ്‌സയില്‍ തന്റെ കരിയര്‍ തുടങ്ങുമ്പോള്‍ റൊണാള്‍ഡീഞ്ഞോ ബാഴ്‌സയുടെ സീനിയര്‍ താരമായിരുന്നു. റൊണാള്‍ഡീഞ്ഞോയെ മെസി ഒരു ഗുരുസ്ഥാനത്താണ് കാണുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഫുട്‌ബോള്‍ ലോകം നെഞ്ചേറ്റിയിരുന്നു. റൊണാള്‍ഡീഞ്ഞോ ബാഴ്‌സ വിട്ട ശേഷവും ഈ സൗഹൃദം തുടരുന്നുണ്ട്.

അതേസമയം, ക്രൊയേഷ്യക്കെതിരെ ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍ട്ടിയിലൂടെയാണ് വലകുലുക്കിയത്.

ഇതോടെ അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡ് മെസി തന്റെ പേരിലാക്കി.

അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. 11 ഗോളുകളാണ് മെസി ലോകകപ്പില്‍ നേടിയത്. 10 ഗോളുകളാണ് ബാറ്റിസ്റ്റ്യൂട്ടക്ക് ഉണ്ടായിരുന്നത്. ഫിഫ ലോകകപ്പിന്റെ 2006, 2014, 2018, 2022 പതിപ്പുകളിലാണ് മെസി ഗോള്‍ സ്‌കോര്‍ ചെയ്തത്.


Content Highlight: Brazilian legend Ronaldinho with support Argentina’s Lionel Messi

We use cookies to give you the best possible experience. Learn more