തന്റെ ക്ലബ്ബ് കരിയറില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം കളിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും പറയുകയാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ.
നേരത്തെ എ.ബി. ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡീഞ്ഞോ ഇക്കാര്യം പറഞ്ഞത്. ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത്തരമൊരു അവസരം ലഭിക്കാതെ പോയി എന്നും റൊണള്‍ഡീഞ്ഞോ പറഞ്ഞു.
‘മെസിക്കും റൊണാള്‍ഡോക്കുമൊപ്പം (റൊണാള്‍ഡോ നസാരിയോ) ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്. എനിക്ക് കളിക്കാന്‍ സാധിക്കാതിരുന്നത് ക്രിസ്റ്റ്യാനോക്കൊപ്പമാണ്.
കരിയറില്‍ അവനോടൊപ്പം കളത്തിലിറങ്ങാനുള്ള അവസരം നഷ്ടമായി. ആ കോമ്പിനേഷന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു എക്‌സ്പീരിയന്‍സ് ലഭിക്കാതെ പോയി,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.
ക്ലബ്ബ് കരിയറില്‍ ബാഴ്‌സലോണക്കും എ.സി മിലാനും പി.എസ്.ജിക്കും വേണ്ടിയാണ് റൊണാള്‍ഡീഞ്ഞോ ബൂട്ടുകെട്ടിയത്. റൊണാള്‍ഡോ നസാരിയോക്കൊപ്പം 2002 ലോകകപ്പുയര്‍ത്തിയ ബ്രസീല്‍ ലെജന്‍ഡ് ബാഴ്‌സലോണയിലാണ് മെസിയുമായി കളത്തിലിറങ്ങിയത്.
റൊണാള്‍ഡോക്കൊപ്പം ഒരു ടീമിനായി കളിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ എതിരാളിയായി റൊണാള്‍ഡീഞ്ഞോ കളത്തിലിറങ്ങിയിരുന്നു. 2010-11 സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുമ്പോഴായിരുന്നു ഇത് സംഭവിച്ചത്.
ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിനീഷ്യസ് ജൂനിയറും പോര്‍ച്ചുഗല്‍ ഇതിഹാസ താരത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമെന്നാണ് വിനീഷ്യസ് റൊണാള്‍ഡോയെ വിശേഷിപ്പിച്ചത്. സ്പാനിഷ് മാഗസിനായ മാഡ്രിഡിസ്റ്റ റയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനി.
ഫുട്ബോളിലെ ഇതിഹാസങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോക്ക് പുറമെ അദ്ദേഹം നെയ്മര്‍, സിനദിന്‍ സിദാന്‍, റൊണാള്‍ഡോ നസാരിയോ, ലൂക്ക മോഡ്രിച്ച് എന്നിവരുടെ പേരുകളും പറഞ്ഞു.
‘ഗോളടിക്കുന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയെ കവച്ചുവെക്കാന്‍ ആരുമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് മുറിയിലെ ചുവരുകളില്‍ നിറയെ അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചുവെക്കാറുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്റെ ഐഡല്‍,’ വിനീഷ്യസ് പറഞ്ഞു.
Content Highlight: Brazilian legend Ronaldinho says that he did not get a chance to play with Cristiano Ronaldo.